താമസാനുമതി രേഖകൾ കൈവശമില്ലാത്തവർ രജിസ്ടേഷൻ ഉടൻ നടത്തണം: അംബാസിഡർ

  • 18/09/2020

കുവൈറ്റ് : വ്യത്യസ്ത കാരണങ്ങളാൽ താമസാനുമതി രേഖകൾ നഷ്ടപ്പെട്ടർ എംബസ്സിയുടെ രജിസ് ട്രേഷൻ ഡ്രൈവിൽ രജിസ്റ്റർ ചെയ്യണമെന്ന് ഇന്ത്യൻ അംബാസിഡർ ശ്രീ. സിബി ജോർജ് അഭ്യർത്ഥിച്ചു. എയിംസ് സ്റ്റിയറിംഗ് കമ്മറ്റി അംഗങ്ങളായ,  ബാബുജി ബത്തേരി,  ഹബീബ് മുറ്റിച്ചൂർ, അഡ്വ. ജോൺ തോമസ്സ്, സാം നന്തിയാട്ട്, N S ജയൻ എന്നിവരോട്, കോവിഡ് കാല പ്രവർത്തനങ്ങളെക്കുറിച്ചുള്ള ചർച്ചകൾക്കിടയിലാണ് അംബാസിഡർ ഈ നിർദ്ദേശം മുമ്പോട്ട് വച്ചത്.  ഇന്ത്യയിൽ നിന്നും തിരികെ വരാൻ കഴിയാത്തവരും,  ജോലിതന്നെ നഷ്ടപ്പെട്ടവരുമായ നിരവധി ആളുകൾ ഇപ്പോഴും നാട്ടിലുണ്ടെന്നും, ഇത്തരക്കാരുടെ കുവൈറ്റ് ബാങ്ക് നിക്ഷേപങ്ങൾ, വാഹനം, കുട്ടികളുടെ ടി സി, ജോലി ചെയ്ത കമ്പനികളിൽ നിന്നും ലഭ്യമാകേണ്ട ആനുകൂല്യങ്ങൾ എന്നിവ അനിശ്ചിതത്വത്തിലാണെന്ന്  എയിംസ് പ്രതിനിധികൾ ധരിപ്പിച്ചതിന്റെ വെളിച്ചത്തിൽ , അത്തരക്കാരോടും പേരുവിവരങ്ങൾ രജിസ്റ്റർ ചെയ്യാൻ അദ്ദേഹം ആവശ്യപ്പെട്ടു.  സംഘടനകൾ പ്രത്യേക താല്പര്യമെടുത്ത് ഇത്തരക്കാരെ പരമാവധി രജിസ്റ്റർ ചെയ്യിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എംബസി നടത്തുന്ന ഓപ്പൺ ഹൗസ്, സാധാരണക്കാരുടെ സൗകര്യാർത്ഥം,  ജലീബ്, മെഹബുള്ള, സാൽമിയ എന്നീ സ്ഥലങ്ങളിൽ കൂടി ക്രമീകരിക്കണമെന്നും, തിരികെ നാട്ടിലേക്ക് പോകുന്നവർക്ക്, പുനരധിവാസ അവബോധവും, അവർക്ക് സ്വന്തം നാട്ടിലാരംഭിക്കുവാൻ കഴിയുന്ന സംരഭങ്ങൾക്ക് വേണ്ട മാർഗ്ഗ നിർദ്ദേശങ്ങൾ നൽകുന്ന, സ്ഥിരം എംബസി ബിസ്സിനസ്സ് ഗൈഡൻസ് സെൻറർ ആരംഭിക്കണമെന്നും, ജലീബിലെ ഡ്രെയിനേജ് , പാർക്കിംഗ് പ്രശനങ്ങൾക്ക് സ്ഥായിയായ പരിഹാരം കാണണമെന്നും എയിംസ് പ്രതിനിധികൾ ചർച്ചയിൽ ആവശ്യപ്പെടുകയും, പ്രശ്ന പരിഹാരത്തിന് എംബസി ക്രിയാത്മകമായി ഇടപെടുമെന്നും ബഹു. അംബാസിഡർ ഉറപ്പ് നൽകി. വിവിധ ജനകീയ ആവശ്യങ്ങൾ അടങ്ങിയ നിവേദനവും, പുതിയതായി സ്ഥാനമേറ്റ ബഹു. അംബാസിഡറുടെ ജനപ്രിയ പരിപാടികൾക്ക് ആശംസകൾ ഏകി എയിംസ് പ്രതിനിധി സംഘം, പ്രത്യേകം രൂപകല്പന നൽകിയ പൂക്കുടവും അദ്ദേഹത്തിന് കൈമാറി.

Related News