ബാബരി മസ്ജിദ് കേസ് കോടതി വിധി അപഹാസ്യം : കെ.ഐ.സി

  • 30/09/2020

കുവൈത്ത് സിറ്റിഃ ബാബരി മസ്ജിദ് തകര്‍ത്ത കേസിൽ എല്ലാ പ്രതികളെയും വെറുതെ വിട്ടുകൊണ്ടുള്ള ലക്നൗ സി.ബി.ഐ കോടതി വിധിക്കെതിരേ കുവൈത്ത് ഇസ്ലാമിക് കൗണ്‍സില്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.  

മസ്ജിദ് തകര്‍ത്ത് നീണ്ട 28 വര്‍ഷങ്ങള്‍ക്ക് ശേഷം വന്ന ഈ കോടതി വിധി തികഞ്ഞ അപഹാസ്യവും നീതിന്യായ വ്യവസ്ഥയുടെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്നതുമാണ്.

രാജ്യ താത്പര്യങ്ങള്‍ക്കെതിരായ വര്‍ഗീയ ധ്രുവീകരണവും, വംശീയ ഉന്‍മൂലനവും ലക്ഷ്യമിട്ടുളള ഇത്തരം അതിക്രമങ്ങള്‍ക്ക് നേതൃത്വം നല്‍കിയവരെ സംരക്ഷിക്കുന്ന വിധിന്യായങ്ങള്‍  മതേതര മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന ഇന്ത്യന്‍ ഭരണഘടനയോട് തന്നെയുളള വെല്ലുവിളിയാണ്.

ആസൂത്രിതമായല്ല ബാബരി മസ്ജിദ് പൊളിച്ചതെന്നും, ഗൂഢാലോചനക്ക് ശക്തമായ തെളിവുകളില്ലെന്നുമുള്ള കോടതിയുടെ നിരീക്ഷണം വസ്തുതകള്‍ക്ക് നിരക്കാത്തതാണ്.

മതേതര ഇന്ത്യന്‍ ജനസമൂഹത്തിന്റെ മനഃസാക്ഷിക്ക് തന്നെ മുറിവേല്‍പ്പിക്കുന്ന ഇത്തരം ഏകപക്ഷീയമായ ഇടപെടലുകളെ രാജ്യത്തിന്റെ ഐക്യവും സാഹോദര്യവും തകര്‍ക്കാന്‍ കാരണമാക്കരുതെന്നും, കോടതിവിധി പുനഃപരിശോധിക്കേണ്ടതാണെന്നും, കെ.ഐ.സി ഭാരവാഹികള്‍ വാര്‍ത്താകുറിപ്പില്‍ പ്രസ്താവിച്ചു.

Related News