കൊവിഡ് വ്യാപനം, കണ്ണൂർ ജില്ല 'എ' കാറ്റഗറിയിൽ; നിയന്ത്രണം കടുപ്പിക്കുന്നു, പൊതുപരിപാടികളിൽ 50 പേർ മാത്രം

  • 23/01/2022

കണ്ണൂർ: കൊവിഡ് ബാധിതരുടെ എണ്ണം കൂടിയ സാഹചര്യത്തിൽ കണ്ണൂർ ജില്ലയെ കൊവിഡ് നിയന്ത്രണങ്ങൾ കൂടുതലുള്ള എ കാറ്റഗറിയിൽ ഉൾപ്പെടുത്തി. ആശുപത്രിയിൽ പ്രവേശിക്കപ്പെടുന്ന രോഗികളുടെ എണ്ണത്തിൽ വർധന രേഖപ്പെടുത്തിയ സാഹചര്യത്തിലാണ് ജില്ലാ കലക്ടറുടെ പുതിയ ഉത്തരവ്. പുതിയ സാഹചര്യത്തിൽ ജില്ലയിൽ കൊവിഡ് നിയന്ത്രണങ്ങൾ കർശനമാക്കി ഉത്തരവിറങ്ങി. പൊതുപരിപാടികൾ, രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക, മതപരമായ ചടങ്ങുകൾ, മരണ, വിവാഹ ചടങ്ങുകൾ എന്നിവയ്ക്ക് ഇനി പരമാവധി 50 പേരെ മാത്രമേ അനുവദിക്കൂ.

ആശുപത്രിയിലെ രോഗികളുടെ എണ്ണം കൂടിയതിനാൽ സർക്കാർ മെഡിക്കൽ കോളജുകളിൽ പ്രവേശനം ഇനി കൺട്രോൾ റൂം വഴിയാവും. ആലപ്പുഴ, എറണാകുളം, കൊല്ലം ജില്ലകളാണ് എ വിഭാഗത്തിലുണ്ടായിരുന്നത്. ഇതിലേക്കാണ് കണ്ണൂരും ഉൾപ്പെട്ടത്. അതേസമയം, കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ കണ്ണൂർ ഗവ.മെഡിക്കൽ കോളജ് ആശുപത്രിയിൽ സന്ദർശകർക്ക് നിയന്ത്രണം ഏർപ്പെടുത്തി. കണ്ണൂർ ഗവ.മെഡിക്കൽ കോളജിൽ കൊവിഡ് രോഗികളുടെ പ്രവേശനം കൺട്രോൾ റൂം വഴി മാത്രമാക്കി.

നാളെ മുതൽ രാവിലെ 8 മണി മുതൽ 11 മണി വരെ മാത്രമേ ഒപി പ്രവർത്തിക്കൂ. പനി ബാധിച്ചെത്തുന്ന രോഗികൾക്കായി പ്രത്യേക ഫീവർ ക്ലിനിക്കും സജ്ജമാക്കിയിട്ടുണ്ട്. 2022 ജനുവരി 1നെ അടിസ്ഥാനമാക്കി, ആശുപത്രി കേസുകൾ, ഐസിയു കേസുകളിലെ വർധന എന്നിവ നോക്കിയാണ് നിലവിൽ സംസ്ഥാനത്തെ ജില്ലകളിലെ കൊവിഡ് നിയന്ത്രണം. ജനുവരി ഒന്നിൽനിന്നും ആശുപത്രി അഡ്മിഷൻ ഇരട്ടിയും, ഐസിയു കേസുകളിൽ 50 ശതമാനവും വർധന വന്നാൽ കാറ്റഗറി എ, ആശുപത്രി കേസുകളിൽ കൊവിഡ് കേസുകൾ 10 ശതമാനവും, ഐസിയു കേസുകൾ ഇരട്ടിയുമായാൽ കാറ്റഗറി ബി, ആകെ ആശുപത്രി കേസുകളിൽ കൊവിഡ് രോഗികളുടെ എണ്ണം 25 ശതമാനം ആയാൽ കാറ്റഗറി സി എന്നിങ്ങനെയാണ് തരംതിരിച്ചിരിക്കുന്നത്.

Related News