കനയ്യ കുമാറിന് നേർക്ക് മഷിയെറിഞ്ഞതായി ആരോപണം; എറിഞ്ഞത് ആസിഡെന്ന് നേതാക്കൾ

  • 01/02/2022

ലഖ്നൗ: ചൊവ്വാഴ്ച ലഖ്‌നൗവിലെ കോൺഗ്രസ് ഓഫീസിൽ വെച്ച് മുൻ ജെഎൻയു വിദ്യാർത്ഥിയും കോൺഗ്രസ് നേതാവുമായ കനയ്യ കുമാറിന് നേരെ മഷി എറിഞ്ഞതായി ആരോപണം. ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള പ്രചാരണത്തിനു വേണ്ടിയാണ് കനയ്യ കുമാർ ലഖ്നൗവിലെത്തിയത്. എന്നാൽ കനയ്യ കുമാറിന് നേരെ എറിഞ്ഞത് മഷിയല്ലെന്നും ഒരുതരം ആസിഡാണെന്നും കോൺഗ്രസ് നേതാക്കൾ അവകാശപ്പെട്ടു.

'അക്രമികൾ കനയ്യ കുമാറിന് നേരെ ആസിഡ് എറിയാൻ ശ്രമിച്ചെങ്കിലും അത് പരാജയപ്പെട്ടു. എന്നിരുന്നാലും, കുറച്ച് തുള്ളികൾ സമീപത്ത് നിന്ന 3-4 യുവാക്കളുടെ മേൽ വീണു,' നേതാക്കൾ മാധ്യമങ്ങളോട് പറഞ്ഞു.

പാർട്ടി പ്രവർത്തകർ അക്രമിയെ പിടികൂടിയെങ്കിലും ഇയാളെ സംബന്ധിച്ച വിവരങ്ങൾ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. ലഖ്‌നൗവിൽ കോൺഗ്രസ് സ്ഥാനാർഥികൾക്ക് വോട്ട് തേടി വീടുവീടാന്തരം കയറിയിറങ്ങി പ്രചാരണം നടത്തുന്നതിനാണ് കനയ്യ കുമാർ എത്തിയത്.

Related News