ജപ്തിയിലൂടെ പാവപ്പെട്ടവരെ തെരുവിലിറക്കില്ല, കെ. റെയിൽ പഠനത്തിന് കല്ലിട്ട ഭൂമി ഈടായി സ്വീകരിക്കും, നിയമ തടസമില്ല: വി.എൻ. വാസവൻ

  • 04/04/2022

കെ. റെയിൽ സാമൂഹ്യ ആഘാത പഠനത്തിനായി കല്ലിട്ടാൽ വായ്പയ്ക്ക് ഈടായി ഭൂമി സ്വീകരിക്കില്ലെന്ന നിലപാട് സഹകരണ ബാങ്കുകൾക്ക് ഇല്ലെന്ന് സഹകരണം, രജിസ്ട്രേഷൻ മന്ത്രി വി.എൻ. വാസവൻ. സാമൂഹ്യ ആഘാത പഠനത്തിനായി കല്ലിട്ട ഭൂമി ഈടായി സ്വീകരിക്കാത്ത രണ്ട് സംഭവങ്ങളുണ്ടായി. രണ്ട് സംഘങ്ങളെയും നിജസ്ഥിതി ബോദ്ധ്യപ്പടുത്തുകയും പ്രശ്നം പരിഹരിക്കുകയും ചെയ്തു. ഭൂമി ഏറ്റെടുക്കുന്നതിനാണ് കല്ലിട്ടതെന്ന തെറ്റിദ്ധാരണയാണുണ്ടായിട്ടുള്ളത്. എന്നാൽ സാമൂഹ്യ ആഘാത പഠന ആവശ്യത്തിനാണ് കല്ലിടൽ നടക്കുന്നത്. ഭൂമി ഏറ്റെടുക്കണമെങ്കിൽ ഇനിയും നിരവധി കടമ്പകൾ കടക്കണം. 

പാരിസ്ഥിതിക ആഘാത പഠനവും സർവെയുമൊക്കെ കഴിഞ്ഞായിരിക്കും അന്തിമ അലൈൻമെന്റ് തീരുമാനിക്കുക. ഇതിന് ശേഷം 4-(1 )., 6-(1 ) നോട്ടീസുകൾ നൽകിയ ശേഷം മാത്രമെ ഭൂമി ഏറ്റെടുക്കുകയുള്ളൂ. ഭൂമി ഏറ്റെടുക്കുകയാണെങ്കിൽ നാലിരട്ടി വിലയ്ക്കായിരിക്കും ഏറ്റെടുക്കുക. അപ്പോൾ തന്നെ ബാങ്കുകളുടെ കടം തീർക്കാൻ കഴിയും. അത്തരം പ്രദേശങ്ങളിലെ ഭൂമി ഈടായി വാങ്ങിയാൽ ബാങ്കുകൾക്ക് കൂടുതൽ ഉറപ്പ് ലഭിക്കുകയാണ് ചെയ്യുന്നതെന്നും മന്ത്രി പറഞ്ഞു. സഹകരണ ബാങ്കുകളിൽ ഇത്തരം ഭൂമി ഈടായി നൽകുയാണെങ്കിൽ നിഷേധിക്കരുതെന്ന നിർദ്ദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. 

സാധാരണക്കാരുടെ കിടപ്പാടം ജപ്തി ചെയ്യുന്ന നടപടി ഒഴിവാക്കണമെന്ന് സഹകരണ ബാങ്കുകൾക്ക് നേരത്തെ തന്നെ നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് മന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ജപ്തിയുടെ സാഹചര്യമുണ്ടായാൽ താമസിക്കാൻ മറ്റൊരു സ്ഥലം കണ്ടെത്തിയ ശേഷം നടപടി സ്വീകരിക്കാനാണ് നിർദ്ദേശം നൽകിയിട്ടുള്ളത്. മൂവാറ്റുപുഴ അർബൻ സഹകരണ സംഘത്തിലുണ്ടായ സംഭവത്തിന്റെ റിപ്പോർട്ട് തേടിയിട്ടുണ്ടെന്നും റിപ്പോർട്ട് ലഭിക്കുന്ന മുറയ്ക്ക് പരിശോധന നടത്തുമെന്നും മന്ത്രി പറഞ്ഞു. അർബൻ ബാങ്കുകളിൽ ഭരണപരമായ കാര്യങ്ങളിൽ മാത്രമാണ് കോ ഓപ്പറേറ്റീവ് രജിസ്ട്രാർക്ക് ചുമതലയുള്ളൂ. ബാങ്കിംഗ് ഇടപാടുകൾ റിസർവ്വ് ബാങ്കിനാണ് നിയന്ത്രണം. 

അതുകൊണ്ടു തന്നെ ആർബിഐ ചട്ടങ്ങൾ അനുസരിച്ചാണ് മൂവാറ്റുപുഴ നടപടി സ്വീകരിച്ചത്. സർഫാസി നിയമം ബാധമാക്കിയായിരുന്നു നടപടി. പലതവണ നിയമപരമായി ബന്ധപ്പെടാൻ ശ്രമിച്ചപ്പോഴും വായ്പക്കാരനെ ബന്ധപ്പെടാൻ കഴിഞ്ഞില്ല. തുടർന്നാണ് ഉദ്യോഗസ്ഥർ നടപടിയെടുത്ത്. വായ്പക്കാരൻ ചികിത്സയിലാണെന്ന് അറിഞ്ഞപ്പോൾ തന്നെ താക്കോൽ മടക്കി നൽകാൻ നിർദ്ദേശം നൽകുകയും മടക്കി നൽകുകയും ചെയ്തതായി ബാങ്ക് പ്രസിഡന്റ് അറിയിച്ചുവെന്നും മന്ത്രി പറഞ്ഞു. പ്രാഥമിക വിവരം ശേഖരിച്ചപ്പോഴാണ് ഇക്കാര്യങ്ങൾ അറിഞ്ഞത്. വിശദമായ റിപ്പോർട്ട് കിട്ടിയ ശേഷം പരിശോധിച്ചു നടപടി സ്വീകരിക്കുമെന്നും മന്ത്രി വിശദീകരിച്ചു.

Related News