വീട്ടുജോലിക്കാരി അഞ്ചര വയസുകാരിയെ മർദ്ദിച്ച് വലിച്ചെറിഞ്ഞു, സിസിടിവി കുടുക്കി; കേസെടുത്ത് പൊലീസ്

  • 04/04/2022

ഇടുക്കി: ഇടുക്കി ഉടുമ്പന്നൂരിൽ അഞ്ചര വയസുകാരിയെ മർദിച്ച വീട്ടു ജോലിക്കാരിക്കായി പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി. കുട്ടിയുടെ  അച്ഛൻ ഉടുമ്പന്നൂർ സ്വദേശി ബിബിൻറെ പരാതിയിൽ മൂലമറ്റം  സ്വദേശിനി തങ്കമ്മക്കെതിരെ പൊലീസ് കേസെടുത്തു.   തങ്കമ്മ കുട്ടിയെ മർദ്ദിച്ചതിന് ശേഷം അടുക്കളയിൽ നിന്ന് വലിച്ചെറിയുന്നതിൻറെ സിസിടിവി ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു.

ഭാര്യ വിദേശത്തായതിനാൽ അഞ്ചര വയസുള്ള മകളെയും നാലര വയസുള്ള മകനെയും പരിചരിക്കാനാണ് ബിബിൻ ജോലിക്കാരിയെ ഏർപ്പാടാക്കിയത്. ബിബിൻ കഴിഞ്ഞ ദിവസം മലയാറ്റൂർ തീർഥാടനത്തിന് പോയിരുന്നു. വീട്ടിൽ ആരുമില്ലാത്ത സമയത്താണ് വേലക്കാരി കുട്ടികളെ ഉപദ്രവിച്ചത്.  തങ്കമ്മ പെൺകുട്ടിയെ ഉപദ്രവിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ സഹിതമാണ് ബിബിൻ പൊലീസിൽ പരാതി നൽകിയത്. ഒരു മാസത്തെ കരാറിൽ മൂന്ന് ദിവസം മുമ്പാണ് തങ്കമ്മ വീട്ടുജോലിക്കെത്തിയത്. ഇവർ ഇപ്പോൾ ഒളിവിലാണ്.

ബിബിൻ തൊടുപുഴയിലുള്ള ഏജന്റ് വഴിയാണ് വീട്ടിൽ ജോലിക്കാരിയെ നിർത്തിയത്. സംഭവത്തെ കുറിച്ച് വീട്ടുജോലിക്കാരിയോട് തിരക്കിയപ്പോൾ ഇവർ ദേഷ്യപ്പെട്ടതായും വീട്ടിൽ നിന്ന് ഇറങ്ങിപ്പോയതായും ബിബിൻ പറയുന്നു. മാർച്ച് 30 നാണ് ക്രൂരമായ സംഭവം നടന്നച്.  മൊബൈൽ ഫോണുമായി ബന്ധിച്ചിരുന്ന സിസിടിവിയിൽ നിന്നും ദൃശ്യങ്ങൾ കണ്ട ബിബിൻ തിരികെ എത്തിയപ്പോൾ പൊലീസിൽ പരാതി നൽകി. തുടർന്ന് ഇരുകൂട്ടരെയും പൊലീസ് വിളിച്ചു വരുത്തി. എന്നാൽ തനിക്ക് വിദേശത്തേക്ക് പോകേണ്ടതിനാൽ പരാതിയില്ലെന്ന് ബിബിൻ  എഴുതി നൽകിയതിനെ തുടർന്നാണ്  അദ്യം കേസെടുക്കാതിരുന്നതെന്ന് കരിമണ്ണൂർ സിഐ പറഞ്ഞു. പിന്നീട് വീണ്ടും പരാതി നൽകിയതിനെ തുടർന്ന് വെള്ളിയാഴ്ച തങ്കയ്മ്മക്കെതിരെ പൊലീസ് കേസെടുത്തു.

ചോറ് വാർക്കുന്നതിനിടെ തിളച്ച വെള്ളം വീഴാതിരിക്കാൻ കുട്ടിയെ പുറത്തിറക്കി വിട്ടിരുന്നു. വീണ്ടും കയറി വന്നപ്പോഴാണ്  മർദ്ദിച്ചതെന്നാണ് തങ്കമ്മ പൊലീസിനോട് പറഞ്ഞിരുന്നത്.    ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരമാണ് തങ്കമ്മക്കെതിരെ കേസെടുത്തിരിക്കുന്നത്. ചൈൽഡ് വെൽഫെയർ കമ്മിറ്റിക്കും ബിബിൻ പരാതി നൽകിയിട്ടുണ്ട്. പൊലീസ് അന്വേഷണം ഊർജ്ജിതമാക്കിയതോടെ തങ്കമ്മ മുൻകൂർ ജാമ്യത്തിനായി കോടതിയെ സമീപിച്ചിട്ടുണ്ട്.

Related News