കാറിടിച്ചത് ചോദ്യംചെയ്തു: നടുറോഡിൽ ക്രൈംബ്രാഞ്ച് ഇൻസ്പെക്ടർക്ക് മർദനം; 3 പേർ പിടിയിൽ

  • 04/04/2022

കൊല്ലം: പാരിപ്പള്ളി ചിറക്കര ഗവ. ഹൈസ്‌കൂൾ ജങ്ഷനിൽ മൂന്നുപേർ നടത്തിയ ആക്രമണത്തിൽ ക്രൈംബ്രാഞ്ച് ഇൻസ്പെക്ടർക്ക് പരിക്ക്. കൊല്ലം പരവൂർ സ്വദേശിയും തിരുവനന്തപുരം ക്രൈംബ്രാഞ്ച് ഇൻസ്പെക്ടറുമായ ബിജുവിനാണ് ആക്രമണത്തിൽ പരിക്കേറ്റത്.ഞായറാഴ്ച വൈകുന്നേരം 3.30-നാണ് സംഭവം.

ഇൻസ്പെക്ടർ സഞ്ചരിച്ചിരുന്ന സ്വകാര്യവാഹനത്തിൽ കാർ വന്നിടിച്ചതിനെ ചോദ്യംചെയ്തതാണ് മർദനത്തിനു കാരണം. ബഹളംകേട്ട് സമീപത്തെ ബന്ധുവീട്ടിലുണ്ടായിരുന്ന കോൺഗ്രസ് നേതാവും നെടുവത്തൂർ ഗ്രാമപ്പഞ്ചായത്ത് അംഗവുമായ എൻ.ജയചന്ദ്രനും പ്രദേശവാസികളുംകൂടി ഉദ്യോഗസ്ഥനെ രക്ഷപ്പെടുത്തി ബന്ധുവീടിന്റെ മതിൽക്കെട്ടിനുള്ളിലാക്കിയെങ്കിലും അക്രമികൾ വീണ്ടും മർദിച്ചു.

ജയചന്ദ്രൻ വിവരമറിയിച്ചതിനെത്തുടർന്ന് സ്ഥലത്തെത്തിയ പാരിപ്പള്ളി ഇൻസ്പെക്ടർ അൽജബ്ബാർ, സബ് ഇൻസ്പെക്ടർ അനുരൂപ എന്നിവരുടെ നേതൃത്വത്തിൽ ഇൻസ്പെക്ടറെ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

സംഭവത്തിൽ പരവൂർ പൂതക്കുളം എ.എൻ.നിവാസിൽ മനു (33), കാർത്തികയിൽ രാജേഷ് (34), രാമമംഗലത്തിൽ പ്രദീഷ് (30) എന്നിവരെ പോലീസ് പിടികൂടി. ജാമ്യമില്ലാ വകുപ്പുപ്രകാരം കേസടുത്തു.

Related News