സിൽവർ ലൈൻ പദ്ധതിയിൽ കേന്ദ്ര നേതൃത്വം ഇടപെടണം: സീതാറാം യെച്ചൂരിക്ക് കത്തയച്ച് പ്രതിപക്ഷ നേതാവ്

  • 05/04/2022

തിരുവനന്തപുരം: സിൽവർ ലൈൻ പദ്ധതി സംബന്ധിച്ച് സി.പി.എം കേന്ദ്ര നേതൃത്വം വ്യക്തത വരുത്തണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് കത്തയച്ചു.  കോർപ്പറേറ്റ് താത്പര്യങ്ങൾ സംരക്ഷിക്കുകയും അഴിമതി നടത്തുകയും മാത്രമാണ് സിൽവർ ലൈൻ പദ്ധതിയുടെ ലക്ഷ്യമെന്ന് സതീശൻ പറയുന്നു. ഇടത് പക്ഷത്തിന്റെ പ്രത്യയശാസ്ത്ര നിലപാടിൽ നിന്ന് വ്യതിചലിച്ച് തീവ്ര വലത്പക്ഷ നിലപാടുകളാണ് കേരളത്തിലെ സർക്കാർ സ്വീകരിക്കുന്നതെന്ന് വിഡി സതീശൻ കത്തിൽ കുറ്റപ്പെടുത്തി. 

കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കേരളത്തിന് രണ്ട് ലക്ഷം കോടിയിലധികം ചിലവ് വരുന്ന സിൽവർ ലൈൻ പദ്ധതി താങ്ങാനാകില്ല.  പാരിസ്ഥിതികമായും സാമൂഹികമായും ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാകും. മാത്രമല്ല സാധാരണക്കാരന്റെ ആശ്രയമായ പൊതു ഗതാഗത സംവിധാനത്തിന്റെ ചിലവ്  കൂടാനും സിൽവർ ലൈൻ പദ്ധതി വഴിയൊരുക്കും. മുബൈ - അഹമ്മദാബാദ് അതിവേഗ റെയിൽവെയെ നഖശിഖാന്തം എതിർക്കുന്ന സി.പി.എം, സിൽവർ ലൈൻ പദ്ധതിയെ പിന്തുണക്കുന്നത് എങ്ങനെയെന്നും സീതാറാം യെച്ചൂരിക്ക് അയച്ച കത്തിൽ പ്രതിപക്ഷ നേതാവ് ചോദിച്ചു.

അതേസമയം സിൽവർ ലൈനിൽ നിലപാട് ആവർത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ ദിവസം രംഗത്ത് വന്നിരുന്നു. ഒരു കൂട്ടർക്ക് എതിർപ്പുള്ളത് കൊണ്ട് മാത്രം പദ്ധതി നടപ്പാക്കാതിരിക്കാനാവില്ലെന്ന് പിണറായി വ്യക്തമാക്കി. ഏറ്റെടുക്കുന്ന സ്ഥലത്തിന് രണ്ടിരട്ടിയാണ് നഷ്ടപരിഹാരം നൽകുന്നത്. അതിന് മുകളിൽ നൽകാനും സർക്കാർ തയ്യാറാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. കെ റെയിൽ പദ്ധതിയിൽ നിന്ന് ഒട്ടും പിന്നോട്ടില്ലെന്ന് ആവർത്തിച്ച, മുഖ്യമന്ത്രി കെ റെയിൽ പ്രതിഷേധം റിപ്പോർട്ട് ചെയ്യുന്ന കാര്യത്തിൽ മാധ്യമങ്ങളെ രൂക്ഷ വിമർശിച്ചു.

Related News