'ബിജെപിക്കെതിരെ വിശാല മതേതര സഖ്യം വേണം'; കോൺഗ്രസും പ്രാദേശിക പാർട്ടികളും നിലപാട് ഉറപ്പിക്കണമെന്ന് യെച്ചൂരി

  • 06/04/2022

കണ്ണൂർ: ബിജെപിക്കെതിരെ വിശാല മതേതര സഖ്യം വേണമെന്ന് സിപിഎം പാർട്ടി കോൺഗ്രസ് വേദിയിൽ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. പാർട്ടി കോൺഗ്രസ് പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു യെച്ചൂരി. മതധ്രുവീകരണം രാഷ്ട്രീയ മുന്നേറ്റത്തിനായി ഉപയോഗിക്കുന്ന ബിജെപിയെ ചെറുക്കാൻ വിശാല മതേതര സഖ്യം വേണം. ഹിന്ദുത്വത്തെ എതിർക്കാൻ മതേതര സമീപനം വേണം. കോൺഗ്രസും ചില പ്രാദേശിക പാർട്ടികളും ഇതിനായി നിലപാട് ഉറപ്പിക്കണം. 

വർഗീയതയോടുള്ള വിട്ടുവീഴ്ചാ മനോഭാവം സ്വന്തം ചേരിയിൽ നിന്ന് മറുചേരിയിലേക്ക് ആളൊഴുക്കിന് വഴിയൊരുക്കുമെന്നും യെച്ചൂരി പറഞ്ഞു. അമേരിക്കൻ സാമ്രാജ്യത്വം ചൈനയെ ഒറ്റപ്പെടുത്തുകയാണ്. ചൈനയെ ഒതുക്കുന്നതിൽ നിന്ന് ഒറ്റപ്പെടുത്തലിലേക്ക് മാറി. യുക്രൈൻ യുദ്ധം യഥാർത്ഥത്തിൽ റഷ്യയും അമേരിക്കയും തമ്മിലാണ്. അമേരിക്കൻ സാമ്രാജ്യത്വത്തിൻറെ ജൂനിയർ പങ്കാളിയാണ് ഇന്ത്യയെന്നും യെച്ചൂരി പറഞ്ഞു. അത്യുജ്ജലമായാണ്  സിപിഎം ഇരുപത്തിമൂന്നാമത് പാർട്ടി കോൺഗ്രസിന് കണ്ണൂരിൽ തുടക്കം കുറിച്ചത്. പിണറായിയും കേരളഘടകവും ഉദ്ഘാടനത്തിലും നടത്തിപ്പിലും ഉടനീളം നിറഞ്ഞുനിന്നു. 

അണിഞ്ഞൊരുങ്ങിയ സമ്മേളന വേദിയിൽ മുതിർന്ന അംഗം എസ് രാമചന്ദ്രൻ പിള്ള പിബി അംഗം എന്ന നിലയിലുള്ള തൻറെ അവസാന പാർട്ടി കോൺഗ്രസിന് പതാക ഉയർത്തി. ചേർത്തുനിർത്തി യെച്ചൂരി പ്രസംഗ വേദിയിലേക്ക് ആനയിച്ചു. തുടർന്ന് രക്തസാക്ഷി സ്തൂപത്തിൽ പിബി അംഗങ്ങളും നേതാക്കളും അഭിവാദ്യമർപ്പിച്ചു. ഹരിശ്രീ അശോകൻ, മധുപാൽ, ഷാജി എൻ കരുൺ, ശ്രീകുമാർ, കൈതപ്രം, ഗായിക സയനോര തുടങ്ങിയവർ പാർട്ടി കോൺഗ്രസിന് സാക്ഷ്യം വഹിക്കാൻ എത്തിയിരുന്നു. 812 പ്രതിനിധികളാണ് പാർട്ടി കോൺഗ്രസിൽ പങ്കെടുക്കുന്നത്. ഏറ്റവും അധികം പ്രതിനിധികൾ കേരളത്തിൽ നിന്നാണുള്ളത്. 175 പേരാണ് പങ്കെടുക്കുന്നത്. ബംഗാളിൽ നിന്ന് 160 പ്രതിനിധികളും ത്രിപുരയിൽ നിന്ന് 40 പ്രതിനിധികളും പങ്കെടുക്കുന്നുണ്ട്. കരട് രാഷ്ട്രീയ പ്രമേയം ഇന്ന് വൈകിട്ട് നാലിന് അവതരിപ്പിക്കും.

Related News