സിപിഎം പാർട്ടി കോൺഗ്രസിൽ കെ വി തോമസ് പങ്കെടുക്കുമോയെന്ന് ഇന്നറിയാം; ഉറ്റുനോക്കി രാഷ്ട്രീയ കേരളം

  • 06/04/2022

കണ്ണൂർ: സിപിഎം പാർട്ടി കോൺഗ്രസിലെ സെമിനാറിൽ മുതിർന്ന കോൺഗ്രസ് നേതാവ് കെ വി തോമസ് പങ്കെടുക്കുമോയെന്ന് ഇന്നറിയാം. തന്റെ രാഷ്ട്രീയ നിലപാട് വ്യക്തമാക്കി കെ വി തോമസ് രാവിലെ 11ന് കൊച്ചിയിലെ വസതിയിൽ മാധ്യമങ്ങളെ കാണും. എഐസിസി വിലക്ക് ലംഘിച്ച് സിപിഎം സെമിനാറിൽ പങ്കെടുത്താൽ പാർട്ടിക്ക് പുറത്ത് പോകേണ്ടി വരുമെന്ന താക്കീത് കെപിസിസി നേതൃത്വവും പുറപ്പെടുവിച്ചിട്ടുണ്ട്. അതുകൊണ്ടു തന്നെ കെ വി തോമസിന്റെ നിലപാട് അദ്ദേഹത്തിന്റെ കോൺഗ്രസ് രാഷ്ട്രീയത്തിലെ നിലനിൽപ്പിനും പ്രധാനപ്പെട്ടതാണ്.

എന്നാൽ, ദേശീയതലത്തിൽ ബിജെപിക്കെതിരെ കോൺഗ്രസും സിപിഎമ്മും കൈകോർക്കുന്ന സാഹചര്യത്തിൽ പാർട്ടി കോൺഗ്രസ് സെമിനാറിൽ പങ്കെടുക്കുന്നതിൽ തെറ്റില്ലെന്നായിരുന്നു കെ വി തോമസിന്റെ നിലപാട്. പാർട്ടിക്ക് പുറത്തു പോകണമെന്ന് ആഗ്രമുണ്ടെങ്കിലേ കെ വി തോമസ് സിപിഎം സെമിനാറിൽ പങ്കെടുക്കൂവെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ ഇന്നലെ ദില്ലിയിൽ പറഞ്ഞിരുന്നു. സിപിഎം പാർട്ടി കോൺഗ്രസ് സെമിനാറിൽ കെ വി തോമസ് പങ്കെടുക്കില്ല എന്നാണ് പ്രതീക്ഷിക്കുന്നത്.

സെമിനാറിൽ പങ്കെടുക്കുമെന്ന് എവിടെയും പറഞ്ഞിട്ടില്ലെന്നാണ് കെ വി തോമസ് തന്നോട് പറഞ്ഞത്. കെ വി തോമസ് പാർട്ടി നിലപാടിനൊപ്പം നിൽക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ദേശീയ തലത്തിലെ നിലപാടല്ല കേരളത്തിൽ സിപിഎമ്മിന്. അവരോട് സഖ്യത്തിന്റെ ആവശ്യമില്ല. സ്വന്തം പാർട്ടി പ്രവർത്തകരുടെ ചോര വീണ മണ്ണിൽ സിപിഎമ്മുമായി കൈ കൊടുക്കാൻ ആകില്ലെന്നും സുധാകരൻ പറഞ്ഞു. എന്നാൽ, കേന്ദ്ര- സംസ്ഥാന ബന്ധങ്ങൾ സംബന്ധിച്ച സെമിനാറിലേക്ക് കെ വി തോമസ് വരുമെന്ന് സിപിഎം ഉറപ്പിച്ച് പറയുന്നത് ചില കാരണങ്ങളാലാണ്.

Related News