ലഹരിമരുന്ന് കലര്‍ത്തിയ പാനീയം നല്‍കി, ഭര്‍ത്താവിന്റെ ഒത്താശയോടെ സുഹൃത്ത് പീഡിപ്പിച്ചു; ബൈക്കില്‍ നിന്ന് തള്ളിയിട്ട് കൊല്ലാന്‍ ശ്രമിച്ചു

  • 07/04/2022

തളിപ്പറമ്പ്:  യുവതിയെ ലൈംഗികമായി പീഡിപ്പിക്കുകയും വാഹനമിടിച്ച് വധിക്കാന്‍ ശ്രമിക്കുകയും ചെയ്ത സംഭവത്തില്‍ ഭര്‍ത്താവ് ഉള്‍പ്പെടെ രണ്ടു പേര്‍ക്കെതിരെ കേസ്.  കരിമ്പം സ്വദേശിയായ ഭര്‍ത്താവ്, ഭര്‍ത്താവിന്റെ സുഹൃത്ത് തളിപ്പറമ്പുകാരനായ അഷ്‌റഫ് (38) എന്നിവര്‍ക്കെതിരെയാണ് പോലീസ് കേസെടുത്തത്.

16 വര്‍ഷം മുന്‍പ് ഭര്‍ത്താവിന്റെ ഒത്താശയോടെ സുഹൃത്ത് ലൈംഗികമായി പീഡിപ്പിച്ചെന്നാണ് പരാതി. പിന്നീട് 2021ല്‍ ബൈക്കില്‍ പോകുമ്പോള്‍ തള്ളിത്താഴെയിട്ട് കൊലപ്പെടുത്താന്‍ ഭര്‍ത്താവ് ശ്രമിച്ചതായും യുവതി പരാതിയില്‍ ആരോപിച്ചു.

തളിപ്പറമ്പിന് സമീപത്തുള്ള യുവതിയുടെ പരാതിയിലാണ് ഭര്‍ത്താവിന്റെയും സുഹൃത്തായ അഷ്‌റഫിന്റെയും പേരില്‍ കേസെടുത്തത്. 2006 ഒക്ടോബറിലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. ഈ സമയത്ത് യുവതിയുടെ ഭര്‍ത്താവ് വിദേശത്തായിരുന്നു. ഇയാള്‍ നാട്ടിലെത്തിയ ശേഷം സുഹൃത്തിനൊപ്പം വീട്ടിലെത്തി യുവതിക്ക് ലഹരി മരുന്ന് കലര്‍ത്തിയ ശീതള പാനീയം നല്‍കി പീഡിപ്പിച്ചുവെന്നാണ് കേസ്. പിന്നീടും ഇയാള്‍ വീട്ടില്‍ വരാറുണ്ടായിരുന്നുവെന്ന് യുവതി പറയുന്നു.

പീഡനത്തിന് ഇരയാകുമ്പോള്‍ യുവതിക്ക് ഒന്നര വയസ് മാത്രം പ്രായമുള്ള കുഞ്ഞുമുണ്ടായിരുന്നു. പിന്നീട് 2021ല്‍ ബൈക്കില്‍ സഞ്ചരിക്കുമ്പോള്‍ ഭര്‍ത്താവ് തള്ളി താഴെയിട്ട് കൊല്ലാന്‍ ശ്രമിച്ചതായും യുവതിയുടെ പരാതിയില്‍ പറയുന്നു.  തളിപ്പറമ്പ് ഡിവൈഎസ്പിയുടെ ചുമതലയുള്ള പയ്യന്നൂര്‍ ഡിവൈഎസ്പി കെ.ഇ.പ്രേമചന്ദ്രന്റെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.




Related News