വൈദ്യുതി ബോര്‍ഡില്‍ ഹൈ വോള്‍ട്ടേജ് പോര്; ആരോപണമുന്നയിച്ചവർക്കെതിരെ വീണ്ടും നടപടിയുമായി ചെയർമാൻ

  • 07/04/2022

തിരുവനന്തപുരം: വൈദ്യുതി ബോര്‍ഡില്‍ ചട്ടപ്പടി സമരം വേണ്ടി വന്നേക്കുമെന്ന മുന്നറിയിപ്പുമായി ഓഫീസേഴ്സ് അസോസിയേഷന്‍ രംഗത്ത്. നേതാക്കളുടെ സസ്പെന്‍ഷന്‍ പിന്‍വലിക്കുന്നതുവരെ ശക്തമായ പ്രക്ഷോഭം തുടരുമെന്നാണ് സംഘടനയുടെ നിലപാട്. അഴിമതി നീക്കങ്ങള്‍ക്ക് തടയിട്ടതിന്‍റെ പേരില്‍ ചെയര്‍മാന്‍ പ്രതികാര നടപടി സ്വീകരിക്കുകയാണെന്ന് സംസ്ഥാന പ്രസിഡണ്ട് എം ജി സുരേഷ്കുമാര്‍ കുറ്റപ്പെടുത്തി. അടിസ്ഥാന രഹിത ആരോപണങ്ങള്‍ ഉന്നയിച്ചതിന് സസ്പെന്‍ഷനിലുള്ള ഉദ്യോഗസ്ഥന് അധിക കുറ്റപത്രം നല്‍കുമെന്നാണ് ചെയര്‍മാന്‍ വ്യക്തമാക്കുന്നത്.


വൈദ്യുതി ബോര്‍ഡ് ആസ്ഥാനം തിങ്കളാഴ്ച മുതല്‍ വീണ്ടും അനിശ്ചിതകാല സത്യഗ്രഹ സമരവേദിയാകാനൊരുങ്ങുകയാണ്. സിപിഎം അനുകൂല സംഘടനയായ ഓഫീസേഴ്സ് അസോസിയഷന്‍റെ സംസ്ഥാന പ്രസിഡണ്ട് എം ജി സുരേഷ്കുമാറിന്‍റെയും സംസ്ഥാന ഭാരവഹി ജാസ്മിന്‍ ബാനുവിന്‍റേയും സസ്പെന്‍ഷനില്‍ പ്രതിഷേധിച്ചാണ് സമരം. പൊതുജനങ്ങള്‍ക്ക് അസൗകര്യമുണ്ടാക്കാത്ത വിധത്തില്‍ മാനേജ്മെന്‍റിനോട് നിസ്സഹകരണം പ്രഖ്യാപിക്കും. ചെയര്‍മാന്‍റെ നിഷേധാത്മക നിലപാട് തുടര്‍ന്നാല്‍ ചട്ടപ്പടി സമരമടക്കമുള്ള ദീർഘകാല പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കും. 

ടാറ്റയുടെ 1200 ഇലക്ട്രിക് വാഹനങ്ങള്‍ വാങ്ങാനുള്ള നീക്കമടക്കം, സ്ഥാപിത താത്പര്യമുള്ള പദ്ധതികളെ തുടക്കത്തിലേ കണ്ടെത്തി എതിര്‍ത്തതാണ്, സംഘടനക്കും നേതാക്കള്‍ക്കുമെതിരായ ചെയര്‍മാന്‍റെ പ്രതികാര നടപടിക്ക് കാരണം. ചെയര്‍മാന്‍റെ ഡ്രൈവറുടെ വീട്ട് അഡ്രസില്‍ ടാറ്റയുടെ ആഡാംബര കാര്‍ രജിസ്റ്റര്‍ ചെയ്തതടക്കം അന്വേഷിക്കണമെന്നാണ് KSEB ഓഫീസേഴ്സ് അസോസിയേഷന്‍ പ്രസിഡൻ്റ് എം ജി സുരേഷ്കുമാറിന്റെ ആവശ്യം. 

Related News