ഒമ്പതുവയസ്സുകാരിയെ പീഡിപ്പിച്ച ഓട്ടോ ഡ്രൈവര്‍ക്ക് ജീവിതാവസാനം വരെ തടവ് വിധിച്ച് കോടതി

  • 08/04/2022

തിരുവനന്തപുരം: ഒമ്പതുവയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ പ്രതിയായ ഓട്ടോ ഡ്രൈവര്‍ക്ക് ജീവിതാന്ത്യം വരെ കഠിനതടവ് വിധിച്ചത്.  മണ്ണന്തല ചെഞ്ചേരി ലെയ്ന്‍ ത്രിഷാലയത്തില്‍ ത്രിലോക് എന്ന അനി(53)യെയാണ് തിരുവനന്തപുരം പ്രത്യേക അതിവേഗ കോടതി ജഡ്ജി ആര്‍. ജയകൃഷ്ണന്‍ ശിക്ഷിച്ചത്. തടവ് ശിക്ഷ കൂടാതെ 75,000 രൂപ പിഴയും ഒടുക്കണമെന്ന് കോടതി ഉത്തരവിട്ടു. പിഴത്തുക ഇരയ്ക്ക് നല്‍കണമെന്നും കുട്ടിക്ക് സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കണമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്. 

കുട്ടിയെ സ്കൂളിൽ നിന്നു കൊണ്ടുവന്നിരുന്ന ഓട്ടോ ഡ്രൈവറാണ് കേസിലെ പ്രതി. സ്കൂളില്‍ നിന്നും വീട്ടിലേക്ക് കൊണ്ടുവരുമ്പോഴാണ് പ്രതി കുട്ടിയെ പീഡിപ്പിച്ചതെന്ന് പോലീസ് പറഞ്ഞു. നിരവധി പ്രാവശ്യം കുട്ടിയെ ഓട്ടോ ഡ്രൈവർ പീഡിപ്പിച്ചുവെന്ന് തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞുവെന്ന് കോടതി വ്യക്തമാക്കി. 2012 നവംബര്‍ മുതല്‍ 2013 മാര്‍ച്ച് വരെയാണ് ഓട്ടോ ഡ്രൈവര്‍ കുട്ടിയെ പലതവണയായി പീഡിപ്പിച്ചത്.  

ചെറുമകളുടെ പ്രായമുള്ള കുട്ടിയെ ക്രൂരമായി പീഡിപ്പിച്ച പ്രതി യാതൊരു ദയയും അര്‍ഹിക്കുന്നില്ലെന്ന് കോടതി പറഞ്ഞു. ഇരയും കുടുംബവും അനുഭവിച്ച ദുരിതം കോടതിക്ക് കാണാതിരിക്കാനാകില്ലെന്നും വിധിപ്രസ്താവത്തില്‍ പറയുന്നു. ഓട്ടോയ്ക്കുള്ളില്‍വെച്ചും ഐസ്‌ക്രീമില്‍ മയക്കുമരുന്ന് കലര്‍ത്തി നല്‍കി ലോഡ്ജില്‍വെച്ചും പ്രതി കുട്ടിയെ പീഡിപ്പിച്ചിരുന്നു. ഒരു സുഹൃത്തിന് കുട്ടിയെ പീഡിപ്പിക്കാന്‍ ഒത്താശ ചെയ്തും നല്‍കി. 

പീഡനത്തെ തുടര്‍ന്ന് കുട്ടിക്ക് ശാരീരിക അസ്വസ്ഥതകള്‍ ഉണ്ടായി. ഇതോടെ വീട്ടുകാര്‍ കുട്ടിയെ  ആശുപത്രിയിലെത്തിച്ചപ്പോഴാണ് പീഡനവിവരം പുറത്തറിയുന്നത്. പരിശോധനയില്‍ കുട്ടിയുടെ രഹസ്യഭാഗത്ത് മുറിവേറ്റതായി കണ്ടെത്തി. തുടര്‍ന്ന് വീട്ടുകാരുടെ പരാതിയില്‍ പോലീസ് കേസെടുക്കുകയായിരുന്നു. 

Related News