'സാക്ഷികളെ സ്വാധീനിച്ചു', രണ്ടാഴ്ചക്കകം മറുപടി നൽകണമെന്നാവശ്യപ്പെട്ട് അതിജീവിതയുടെ പരാതിയിൽ ദിലീപിന്റെ 3 അഭിഭാഷകർക്ക് നോട്ടീസ്

  • 09/04/2022

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ദിലീപിന്റെ അഭിഭാഷകർക്ക് ബാർ കൗൺസിൽ നോട്ടീസ്. സാക്ഷികളെ മൊഴിമാറ്റാനായി സ്വാധീനിക്കാൻ ശ്രമിച്ചെന്ന അതിജീവിതയുടെ പരാതിയിലാണ് ദിലീപിന്റെ മൂന്ന് അഭിഭാഷകർക്ക് കേരള ബാർ കൗൺസിൽ നോട്ടീസ് നൽകിയത്. ബി രാമൻ പിള്ള, സുജേഷ് മേനോൻ, ഫിലിപ്പ് വർഗീസ് എന്നിവർക്കാണ് നോട്ടീസ് ലഭിച്ചത്. രണ്ടാഴ്ചക്കകം മറുപടി നൽകാനാണ് നിർദേശം. 

പ്രതികളുമായി ചേർന്ന് 20 ലേറെ സാക്ഷികളെ അഭിഭാഷകൻ കൂറുമാറ്റിയെന്നും നിയമവിരുദ്ധ പ്രവർത്തനം നടത്തിയ അഭിഭാഷകനെതിരെ നടപടി വേണെന്നും ആവശ്യപ്പെട്ടാണ് അതിജീവിത ബാർ കൗൺസിലിന് പരാതി നൽകിയത്. സീനിയർ അഭിഭാഷകനായ ബി രാമൻപിള്ള, ഫിലിപ് ടി വർഗീസ് അടക്കമുള്ളവരുടെ പ്രവൃത്തി അഭിഭാഷകവൃത്തിയ്ക്ക് ചേരാത്തതും നിയമ വിരുദ്ധവുമാണെന്ന് അതിജീവിത പരാതിയിൽ പറയുന്നു. കേസിലെ സാക്ഷിയായ ജിൻസനെ സ്വാധീനിക്കാൻ ക്രിമിനൽ കേസിലെ പ്രതിയുടെ സഹായത്തോടെ ബി രാമൻ പിള്ള 25 ലക്ഷം രൂപയും 5 സെൻറ് ഭൂമി വാഗ്ദാനം ചെയ്തു. ഇതിൽ പൊലീസ് കേസ് എടുത്ത് ചോദ്യം ചെയ്യലിന് ഹാജരാകാൻ ബി രാമൻപിള്ളയ്ക്ക് നോട്ടീസ് നൽകിയിട്ടും ഹാജരായിട്ടില്ല. 

തുടരന്വേഷണത്തിലെ പ്രധാന തെളിവാണ് ദിലീപിൻറെ ഫോണുകൾ. ഈ ഫോൺ സംബന്ധിച്ച ഹർജി ഹൈക്കോടതിയുടെ പരിഗണനയിലിരിക്കെ ബി രാമൻപിള്ളയുടെ ഓഫീസിൽവെച്ച് സൈബർ വിദഗ്ധൻറെ സഹായത്തോടെ തെളിവ് നശിപ്പിച്ചു. കേസിലെ പ്രധാന പ്രതി പൾസർസുനി ദിലീപിന് കൈമാറാൻ കൊടുത്ത കത്ത് സജിത് എന്നയാളെ സ്വാധീനിച്ച് രാമൻപിള്ള കൈക്കലാക്കി. പിന്നീട് ഈ കത്ത് ഇരിങ്ങാലക്കുടയിലെ ഹോട്ടലിൽവെച്ച് തിരിച്ച് നൽകിയെന്നും കത്തിൽ അതിജീവിത ആരോപിക്കുന്നു. നടിയെ ആക്രമിച്ച കേസിൽ തുടക്കം മുതൽ  ദിലീപിൻറെ അഭിഭാഷകൻ ബി രാമൻപിള്ളയ്‌ക്കെതിരെ അന്വേഷണം സംഘം ആക്ഷേപങ്ങളുന്നയിച്ചിരുന്നു. പിന്നാലെ  വധ ഗൂഡാലോചന കേസിൽ അഭിഭാഷകനെ  ചോദ്യം ചെയ്യാൻ ക്രൈംബ്രാഞ്ച് നോട്ടീസ് നൽകിയെങ്കിലും പ്രതിഷേധത്തെ തുടർന്ന് നീക്കം നിലച്ചുപോകുകയായിരുന്നു.

Related News