സൈക്കിള്‍ ആവശ്യപ്പെട്ടതിന് ഭാര്യയ്ക്കും മകള്‍ക്കും യുവാവിന്റെ ക്രൂര മർദ്ദനം; തിളച്ച വെള്ളമൊഴിച്ചു, ചെവി കടിച്ചു മുറിച്ചു

  • 09/04/2022

കോഴിക്കോട്: ഭാര്യയെയും ഒമ്പത് വയസ്സുകാരിയായ മകളെയും യുവാവ് ക്രൂരമായി മര്‍ദ്ദിച്ചു.  കുട്ടിയുടെ പിതാവായ പരപ്പന്‍പൊയില്‍ സ്വദേശി ഷാജിയാണ് ഇരുവരെയും മര്‍ദിച്ചത്. താമരശേരി സ്വദേശി ഫിനിയയുടെ ചെവി കടിച്ചു മുറിച്ചുവെന്നും ഒമ്പത് വയസുകാരിയായ മകളുടെ മേൽ തിളച്ച വെള്ളമൊഴിച്ചു പൊള്ളിച്ചുവെന്നുമാണ് പരാതി. കുട്ടിയുടെ കൈ ഒടിച്ചതായും ഇവര്‍ ആരോപിക്കുന്നു. പരിക്കേറ്റ ഇരുവരെയും കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

സംഭവവുമായി ബന്ധപ്പെട്ട് ഷാജിക്കെതിരേ താമരശ്ശേരി പോലീസ് കേസെടുത്തിട്ടുണ്ട്. ജുവനൈൽ ജസ്റ്റിസ് ആക്ട് അടക്കമുള്ള വകുപ്പുകള്‍ ചുമത്തി യാണ് കേസ്. മകള്‍ സൈക്കിള്‍ ആവശ്യപ്പെട്ടതിനാണ് ഭര്‍ത്താവ് ക്രൂരമായി മര്‍ദിച്ചതെന്നാണ് യുവതി പോലീസിന് നല്‍കിയ മൊഴി. മകൾ സൈക്കിൾ വാങ്ങി നൽകാൻ പറഞ്ഞതിനെ തുടർന്നാണ് ഭര്‍ത്താവ് മര്‍ദ്ദിച്ചതെന്ന് ഫിനിയ പറയുന്നു. പണം ആവശ്യപ്പെട്ട്  വര്‍ഷങ്ങളായി മർദിക്കുകയായിരുന്നുവെന്നും ഫിനിയ ആരോപിക്കുന്നു. സംഭവത്തില്‍ ചൈൽഡ് ലൈൻ സിഡബ്ലിയുസിക്ക് റിപ്പോർട്ട് നൽകും.

11 വര്‍ഷം മുമ്പായിരുന്നു ഷാജിയും ഫിനിയയും വിവാഹിതരായത്. അന്ന് മുതല്‍ സ്ത്രീധനത്തിന്റെ പേരില്‍ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നതായി ഫിനിയയുടെ മാതാവ് ഫൗസിയയും ആരോപിച്ചു.  കഴിഞ്ഞ ദിവസം സൈക്കിള്‍ വേണമെന്ന് കുട്ടി പറഞ്ഞതിന്റെ പേരില്‍ വീണ്ടും പ്രശ്‌നമുണ്ടായി. തുടര്‍ന്ന് ഫിനിയയും കുഞ്ഞും ഫിനിയയുടെ വീട്ടിലേക്ക് പോവാന്‍ ശ്രമിച്ചു. ഇതില്‍ പ്രകോപിതനായാണ് ഷാജി വീണ്ടും  മര്‍ദിച്ചത്. ഫിനിയയുടെ ചെവി കടിച്ച് മുറിക്കുകയും കുട്ടിയെ കട്ടിലിലേക്ക് തള്ളിയിടുകയുമായിരുന്നു. കുട്ടി ന്യൂഡില്‍സ് ഉണ്ടാക്കാനായി തിളപ്പിച്ച വെള്ളം ഇയാള്‍ കുട്ടിയുടെ ദേഹത്ത് ഒഴിച്ചെന്നും ഫൗസിയ പറഞ്ഞു. 

Related News