നടിയെ ആക്രമിച്ച കേസ്; ചോദ്യംചെയ്യല്‍ എവിടെവെച്ച്? ഇന്ന് നിര്‍ണായക തീരുമാനം

  • 10/04/2022

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ കാവ്യ മാധവന്റെ ചോദ്യം ചെയ്യൽ എവിടെയെന്ന് ഇന്ന് തീരുമാനിക്കും. ചോദ്യംചെയ്യലിന് എത്താൻ കഴിയുന്ന ഉചിതമായ സ്ഥലം ഇന്ന് വൈകുന്നേരം അഞ്ച് മണിക്ക് മുൻപ് അറിയിക്കാൻ അന്വേഷണ സംഘം അറിയിച്ചിട്ടുണ്ട്. നിലവിൽ സാക്ഷി ആയാണ് കാവ്യാ മാധവനെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചിട്ടുള്ളത്. 

ക്രിമിനല്‍ നടപടി ചട്ടത്തിന്റെ 160 വകുപ്പ് പ്രകാരമാണ് നോട്ടീസ്. സാക്ഷിയായ സ്ത്രീകളെ പൊലീസ് സ്‌റ്റേഷനിൽ വിളിപ്പിക്കരുതെന്നാണ് ചട്ടം. ഈ സാഹചര്യത്തിൽ ആണ് കാവ്യയുടെ സൗകര്യം തേടിയത്. കേസിലെ ഗൂഡാലോചനയെക്കുറിച്ച് കാവ്യയ്ക്ക് എല്ലാം അറിയാമെന്നാണ് ബാലചന്ദ്ര കുമാർ അടക്കം ഉള്ളവരുടെ മൊഴികൾ. കേസില്‍ ഹാക്കര്‍ സായ് ശങ്കറിനെ ചൊവ്വാഴ്ച ചോദ്യംചെയ്യും.

അതേസമയം, നടിയെ ആക്രമിച്ച കേസില്‍ ദിലീപിന് കുരുക്കായി കൂടുതല്‍ ശബ്ദരേഖകൾ ഇന്നലെ പുറത്ത് വന്നിരുന്നു. നടൻ ദിലീപും സുഹൃത്ത് ബൈജു ചെങ്ങാമനാടും തമ്മിൽ നടന്നതെന്ന് കരുതപ്പെടുന്ന ഒരു ഫോൺ സംഭാഷണം കൂടി പുറത്തുവന്നു. ഇത് താൻ അനുഭവിക്കേണ്ട ശിക്ഷല്ലെന്നും ഒരു സ്ത്രീ അനുഭവിക്കേണ്ടത് ആയിരുന്നുവെന്നും സംഭാഷണത്തിൽ പറയുന്നു. 2017ൽ നടന്നതാണ് ഈ സംഭാഷണം എന്ന നിഗമനത്തിലാണ് അന്വേഷണ സംഘം.

Related News