നടിയെ ആക്രമിച്ച കേസ്; അസൗകര്യം അറിയിച്ച് കാവ്യ, ചോദ്യം ചെയ്യലിന് നാളെ ഹാജരാകില്ല

  • 10/04/2022

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ കാവ്യാ മാധവൻ ചോദ്യം ചെയ്യലിന് നാളെ ഹാജരാകില്ല. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ക്രൈംബ്രാഞ്ച് കാവ്യയ്ക്ക് നോട്ടീസ് നല്‍കിയിരുന്നു. ഇതിന് മറുപടിയായാണ് ഹാജരാകാനില്ലെന്ന് അറിയിച്ചിരിക്കുന്നത്. ചോദ്യം ചെയ്യലിനായി മറ്റൊരു ദിവസം അനുവദിക്കണമെന്നും കാവ്യ ആവശ്യപ്പെട്ടു. .അതേസമയം ബുധനാഴ്ച ഉച്ചക്ക് 2 മണിക്ക് ആലുവയിലെ വീട്ടില്‍ വച്ച് ചോദ്യം ചെയ്യലിന് തയ്യാറാണെന്നാണ് കാവ്യ അറിയിച്ചിരിക്കുന്നത്.

നാളെ ചോദ്യം ചെയ്യാനായിരുന്നു  ക്രൈം ബ്രാഞ്ചിൻറെ തീരുമാനം. നിലവിൽ സാക്ഷി ആയാണ് കാവ്യാ മാധവനെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചിട്ടുള്ളത്. സാക്ഷിയായ സ്ത്രീകളെ പൊലിസ് സ്‌റ്റേഷനിൽ വിളിപ്പിക്കരുതെന്നാണ് ചട്ടം. ഈ സാഹചര്യത്തിൽ ആണ് കാവ്യയുടെ സൗകര്യം തേടിയത്. കേസിലെ ഗൂഡാലോചനയെക്കുറിച്ച് കാവ്യയ്ക്ക് എല്ലാം അറിയാമെന്നാണ് ബാലചന്ദ്ര കുമാർ അടക്കം ഉള്ളവരുടെ മൊഴികൾ. ഇത് സംബന്ധിച്ച ചില ഓഡിയോ സംഭാഷണവും പുറത്ത് വന്നിരുന്നു.

അതിജീവിതയായ നടിയും കാവ്യയും തമ്മിലുള്ള വിരോധമാണു കേസിനു വഴിയൊരുക്കിയ പീഡനത്തിനു കാരണമായതെന്നു ദിലീപിന്റെ സഹോദരി ഭർത്താവ് പറയുന്ന ശബ്ദസന്ദേശത്തെത്തുടർന്നാണു കാവ്യയുടെ മൊഴിയെടുക്കാൻ ക്രൈംബ്രാഞ്ച് തീരുമാനിച്ചത്. ബാലചന്ദ്രകുമാറിനെയും തിങ്കളാഴ്ച ചോദ്യം ചെയ്യാൻ വിളിപ്പിച്ചിട്ടുണ്ട്.

Related News