എം സി ജോസഫൈൻറെ മൃതദേഹം കളമശേരി മെഡിക്കൽ കോളേജിന് കൈമാറും

  • 10/04/2022

കണ്ണൂർ: അന്തരിച്ച സിപിഎം കേന്ദ്ര കമ്മിറ്റി അംഗവും മുൻ വനിതാ കമ്മീഷൻ അധ്യക്ഷയുമായ എം സി ജോസഫൈൻറെ മൃതദേഹം കളമശേരി മെഡിക്കൽ കോളേജിന് കൈമാറും. ജോസഫൈൻറെ  ആഗ്രഹപ്രകാരമാണിത്. ഹൃദയാഘാതത്തെ തുടർന്ന് ഇന്ന് ഉച്ചയോടെയായിരുന്നു ജോസഫൈൻറെ അന്ത്യം. പാര്‍ട്ടി കോണ്‍ഗ്രസ് വേദിയില്‍ കഴിഞ്ഞ ദിവസം രാത്രിയോടെ കുഴഞ്ഞുവീണ ജോസഫൈന്‍ കണ്ണൂര്‍ എകെജി ആശുപത്രിയില്‍ വെന്റിലേറ്ററിലായിരുന്നു. 

സിപിഎം കേന്ദ്രകമ്മിറ്റി അംഗവും സംസ്ഥാന സമിതി അംഗവുമായിരുന്നു. വനിതാ വികസന കോര്‍പറേഷന്‍ ചെയര്‍പേഴ്‌സണും അങ്കമാലി നഗരസഭാ കൗണ്‍സിലറുമായിരുന്നു ജോസഫൈന്‍. അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്‍ അഖിലേന്ത്യാ വൈസ് പ്രസിഡന്റ് ആയും ജിസിഡിഎ ചെയര്‍പേഴ്‌സണായും പ്രവര്‍ത്തിച്ചിട്ടുണ്ട്.1948 ആഗസ്‌ത്‌ മൂന്നിന്‌ മുരിക്കുംപാടം മാപ്പിളശേരി ചവര - മഗ്‌ദലേന ദമ്പതികളുടെ മകളായി ജനിച്ച എം സി ജോസഫൈൻ വിദ്യാർഥി - യുവജന - മഹിളാ പ്രസ്ഥാനങ്ങളിലൂടെയാണ്‌ പൊതുരംഗത്തെത്തിയത്‌. ആലുവ സെന്റ് സേവ്യേഴ്‌സ് കോളേജ്, മഹാരാജാസ് കോളേജ് എന്നിവിടങ്ങളിലായാണ് എംസി ജോസഫൈന്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. 

ചാലക്കുടി സ്‌പെന്‍സര്‍ കോളേജില്‍ അധ്യാപികയായി പ്രവര്‍ത്തിച്ചെങ്കിലും മുഴുവന്‍ സമയ പാര്‍ട്ടി പ്രവര്‍ത്തകയാകാന്‍ വേണ്ടി ജോലി രാജിവെച്ചു.1978ൽ സിപിഎം അംഗത്വം ലഭിച്ചു. 1984ൽ സിപിഎം എറണാകുളം ജില്ലാ കമ്മിറ്റി അംഗമായി. 1987ൽ സംസ്ഥാന കമ്മിറ്റിയിലുമെത്തി. 2002 മുതൽ കേന്ദ്ര കമ്മിറ്റി അംഗം. 1996ൽ മഹിളാ അസോസിയേഷൻ അഖിലേന്ത്യാ വൈസ്‌ പ്രസിഡന്‍റായി. സംസ്ഥാന വെയർഹൗസിങ്‌ കോർപറേഷൻ എംപ്ലോയീസ്‌ യൂണിയൻ (സിഐടിയു) സെക്രട്ടറിയും പ്രൈവറ്റ്‌ ഹോസ്‌പിറ്റൽ വർക്കേഴ്‌സ്‌ യൂണിയൻ (സിഐടിയു) പ്രസിഡന്റുമായിരുന്നു.അങ്കമാലി (1987), മട്ടാഞ്ചേരി (2011) നിയമസഭാ മണ്ഡലങ്ങളിലേക്കും 1989ൽ ഇടുക്കി ലോക്‌സഭാ മണ്ഡലത്തിലേക്കും മത്സരിച്ചു.

 13 വർഷം അങ്കമാലി നഗരസഭാ കൗൺസിലറായിരുന്നു. മഹിളാ അസോസിയേഷൻ കേന്ദ്ര കമ്മിറ്റി അംഗമായി തുടരുകയായിരുന്നു. 2011ലെ നിയമസഭ തിരഞ്ഞെടുപ്പിൽ കൊച്ചി നിയമസഭ മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർത്ഥി ഡൊമനിക് പ്രസന്‍റേഷനോട് പരാജയപ്പെട്ടു. 2017 മാർച്ച് മുതൽ 2021വരെ സംസ്ഥാന വനിത കമ്മീഷൻ അധ്യക്ഷയായിരുന്നു.

Related News