വീട്ടുകാര്‍ മുറ്റത്ത് നില്‍ക്കെ വീടിനുള്ളില്‍ നിന്ന് 33 പവന്‍ കവര്‍ന്നു

  • 11/04/2022

കാസര്‍കോട്: വീട്ടുകാര്‍ മുറ്റത്ത് നില്‍ക്കെ വീട്ടില്‍ നിന്ന് മോഷണം പോയത് 33 പവന്‍. ഗേറ്റിനടുത്തു നിന്ന് ക്ഷേത്രത്തില്‍ നിന്നുള്ള കാഴ്ചവരവ് കാണുന്നതിനിടെയാണ് വീട്ടില്‍നിന്ന് 33 പവന്‍ മോഷണം പോയത്. കുഡ്ലു മീപ്പുഗിരിയിലെ കെ.ലോകേഷിന്റെ വീട്ടിലാണ് ശനിയാഴ്ച രാത്രി ഒന്‍പതരയോടെ മോഷണം നടന്നത്. 

കഴിഞ്ഞ ദിവസം രാത്രി ഉദയഗിരി വിഷ്ണുമൂര്‍ത്തി ക്ഷേത്രത്തിലെ ഉത്സവവുമായി ബന്ധപ്പെട്ട് നടത്തിയ കാഴ്ചവരവിനിടെയാണ് സംഭവം. കാഴ്ച വരവ് കാണാനായി വീട്ടുകാരെല്ലാം ഗേറ്റിന് സമീപത്തേക്ക് വന്നിരുന്നു. ഈ സമയം വീട് തുറന്നിട്ട നിലയിലായിരുന്നു. കിടപ്പുമുറിയിലെ തുറന്നിട്ട അലമാരയില്‍നിന്നാണ് 33.25 പവനാണ് മോഷണം പോയത്. 

നാല് മാല, രണ്ട് ലോക്കറ്റ്, 13 സെറ്റ് കമ്മല്‍, അഞ്ച് സെറ്റ് വള മറ്റ് ആഭരണങ്ങള്‍ ഉള്‍പ്പടെ 12 ലക്ഷം രൂപയുടെ സ്വര്‍ണ്ണാഭരണങ്ങളാണ് നഷ്ടപ്പെട്ടതെന്ന് പരാതിയില്‍ പറയുന്നു. വീട്ടുകാര്‍ തിരികെയെത്തുമ്പോള്‍ ഒരാള്‍ വീട്ടില്‍നിന്നിറങ്ങി മതില്‍ചാടി ഓടുന്നത് കണ്ടിരുന്നു. നാട്ടുകാരും പോലീസും ഇയാള്‍ക്കായി തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. സംഭവത്തില്‍ കാസര്‍കോട് ടൗണ്‍ പോലീസ് അന്വേഷണം ആരംഭിച്ചു. വീടുമായും സമീപ പ്രദേശവുമായും നല്ല പരിചയമുള്ളവരായിരിക്കാം മോഷണത്തിന് പിന്നിലെന്നാണ് പോലീസ് സംശയിക്കുന്നത്. 

Related News