ഭാര്യയെ പ്രസവ മുറിയിൽ കയറ്റി; മദ്യപിക്കാൻ പോയ ഭർത്താവ് മകനെ ബാറിന് മുന്നിൽ മറന്നു, ഒടുവില്‍ കണ്ടെത്തി പോലീസ്

  • 11/04/2022

ആലപ്പുഴ: ഭാര്യയെ പ്രസവ മുറിയിൽ കയറ്റിയതിന് പിന്നാലെ മദ്യപിക്കാൻ പോയ ഭർത്താവ് മകനെ ബാറിന് മുന്നിൽ മറന്നുവച്ചു. മണിക്കൂറുകള്‍ക്ക് ശേഷം കുട്ടിയെ കണ്ടെത്തി. അസമിൽ നിന്നെത്തിയ തൊഴിലാളിയാണ് കുഞ്ഞിനെ മറന്നുപോയത്. 

ഭാര്യയെ പ്രസവത്തിനായി ചെങ്ങന്നൂർ ജില്ലാ ആശുപത്രിയിൽ ആക്കിയ ശേഷം ഭർത്താവ് മദ്യപിക്കാനായി ബാറിലേക്ക് പോയി. ഇയാൾ കുട്ടിയെയും കൂടെ കൂട്ടിയിട്ടുണ്ടായിരുന്നു. ബാറിൽ കയറി മദ്യപിച്ച ശേഷം മകൻ ഒപ്പമുള്ള കാര്യം മറന്ന ഇയാൾ തിരിച്ച് പോരുമ്പോൾ മകനെ കൂടെ കൂട്ടിയില്ല. 

തന്നെ കാണാൻ ഭർത്താവിനൊപ്പമെത്തിയ മകനെ മണിക്കൂറുകൾ കഴിഞ്ഞിട്ടും കാണാതായതോടെയാണ് യുവതി തിരച്ചിൽ ആരംഭിച്ചത്. തുടർന്ന് വിവരം ആശുപത്രി അധികൃതർ അറിഞ്ഞു. ആശുപത്രി അധികൃതർ വിവരം അറിയിച്ചതിനെ തുടർന്ന് ഡിവൈഎസ്പി ഡോ. ആർ.ജോസിന്റെ നേതൃത്വത്തിൽ പോലീസ് സംഘം തിരച്ചിൽ തുടങ്ങി.  ഇതിനിടെ കുട്ടിയുടെ പിതാവിനെക്കുറിച്ചും പോലീസ് അന്വേഷിച്ചു. ഒന്നര മണിക്കൂറോളമാണ് കുട്ടി ബന്ധുക്കളെ തേടി അലഞ്ഞത്. പിതാവിനെ കാണാതെ പരിഭ്രാന്തനായി നഗരത്തിലെ മാർക്കറ്റിൽ അലഞ്ഞ് തിരിഞ്ഞ കുട്ടിയെ പോലീസ് ഒടുവില്‍ കണ്ടെത്തുകയായിരുന്നു. 

Related News