നടിയെ ആക്രമിച്ച കേസ്; കാവ്യാ മാധവനെ വീട്ടിലെത്തി ചോദ്യം ചെയ്യാനാകില്ലെന്ന് ക്രൈംബ്രാഞ്ച്

  • 11/04/2022

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ കാവ്യമാധവനെ വീട്ടിലെത്തി ചോദ്യം ചെയ്യാനാകില്ലെന്ന് ക്രൈംബ്രാഞ്ച്.ബുധനാഴ്ച ആലുവയിലെ പത്മസരോവരം വീട്ടിലെത്തി ചോദ്യം ചെയ്യണമെന്ന കാവ്യയുടെ അപേക്ഷയാണ്‌ തള്ളിയത്‌. 

തിങ്കളാഴ്ച രാവിലെ ആലുവ പോലീസ് ക്ലബ്ബില്‍ ഹാജരാകാനാണ് കാവ്യയ്ക്ക് ആദ്യം നോട്ടീസ് നല്‍കിയിരുന്നത്. എന്നാല്‍, ചെന്നൈയിലുള്ള താന്‍ തിങ്കളാഴ്ച മാത്രമേ കേരളത്തിലെത്തൂവെന്നും അതിനാല്‍ മറ്റൊരു ദിവസം അനുവദിക്കണമെന്നും കാവ്യ അന്വേഷണസംഘത്തോട് അപേക്ഷിച്ചിരുന്നു.
ഇതേത്തുടര്‍ന്നാണ് ചോദ്യംചെയ്യല്‍  ബുധനാഴ്ചത്തേക്ക് മാറ്റിയത്.

വീടൊഴികെ സ്വതന്ത്രമായ മറ്റൊരുസ്ഥലത്ത്‌ ചോദ്യം ചെയ്യാമെന്ന നിലപാടിലാണ്‌ ക്രൈംബ്രാഞ്ച്‌.
മറ്റ് സ്ഥലത്ത് എത്താൻ ബുദ്ധിമുട്ടുണ്ടെന്ന് കാവ്യ മറുപടി നൽകി. നിയമാനുസൃതമായി ചോദ്യം ചെയ്യാമെന്നും കാവ്യ ക്രൈംബ്രാഞ്ചിനെ അറിയിച്ചു.

സാക്ഷിയായതിനാൽ തനിക്ക് ഉചിതമായ സ്ഥലം തെരഞ്ഞെടുക്കാമെന്നും കാവ്യ ക്രൈംബ്രാഞ്ചിന് മറുപടി നൽകി. ദിലീപിന്റെ ഡ്രൈവറുടെ ഫോണിൽ വിളിച്ചാണ് മറ്റൊരിടത്ത് ചോദ്യം ചെയ്യലിന് എത്തണമെന്ന് ക്രൈംബ്രാഞ്ച് അറിയിച്ചത്.

നടിയെ ആക്രമിച്ച കേസിന്റെ ഗൂഡാലോചനയിൽ ദിലീപിന് പുറമേ കാവ്യ മാധവനും പങ്കുണ്ടോയെന്നാണ് ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നത്. ഡിവൈഎസ്‌പി ബൈജു പൗലോസിന്റെ നേതൃത്വത്തിലുള്ള സംഘമാണ്‌ വിശദ ചോദ്യാവലി തയ്യാറാക്കി ഡിജിറ്റൽ തെളിവുകളുടെ സാന്നിധ്യത്തിൽ ചോദ്യം ചെയ്യുന്നത്‌.

Related News