മൊബൈല്‍ ഫോണിന്റെ ഫ്ലാഷ് ഉപയോ​ഗിച്ചുള്ള വിദ്യാർത്ഥികളുടെ പരീക്ഷയെഴുത്ത് റദ്ദാക്കി

  • 12/04/2022

എറണാകുളം : മഹാരാജാസ് കോളജില്‍ മൊബൈല്‍ ഫോണിന്റെ ഫ്ലാഷ് ഉപയോ​ഗിച്ചുള്ള വിദ്യാർത്ഥികളുടെ പരീക്ഷയെഴുത്ത് റദ്ദാക്കി.
ഇന്നലെ നടന്ന ഒന്നാം സെമസ്റ്റര്‍ ബിരുദ പരീക്ഷയ്ക്കിടെയാണ് വിദ്യാര്‍ത്ഥികള്‍ മൊബൈല്‍ ഫ്ലാഷിന്റെ വെളിച്ചത്തില്‍ പരീക്ഷയെഴുതിയത്. കറണ്ട് പോയതിനെത്തുടര്‍ന്ന് പരീക്ഷ നടക്കുന്ന ഹാളില്‍ വെളിച്ചമില്ലാതായപ്പോള്‍ കോളജ് അധ്യാപകര്‍ തന്നെ മൊബൈല്‍ ഫ്ലാഷ് ഉപയോഗിക്കാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് അനുമതി നല്‍കുകയായിരുന്നു.

ഹാളില്‍ മൊബൈല്‍ ഫോണ്‍ അടക്കമുള്ള ഇലക്രോണിക് ഉപകരണങ്ങള്‍ കൊണ്ടുവരരുതെന്ന കര്‍ശന നിര്‍ദേശം നിലനില്‍ക്കെയാണ് സംഭവം.അടിയന്തരസാഹചര്യത്തിൽ പരീക്ഷാ ഹാളിൽ വെളിച്ചമെത്തിക്കുന്നതിനാണ് പെട്ടെന്ന് മൊബൈൽ ഫ്ലാഷ് ഉപയോ​ഗിച്ചതെന്നാണ് ഇൻവിജിലേറ്റർമാരുടെ വിശദീകരണം.
ഇൻവിജിലേറ്റർമാർക്കെതിരെ തൽക്കാലത്തേയ്ക്ക് നടപടിയെടുക്കേണ്ടെന്നാണ് തീരുമാനം.

ഒന്നാം സെമസ്റ്റർ ബിരുദ പരീക്ഷയും രണ്ടാം വർഷ ബിരുദാനന്തര ബിരുദ പരീക്ഷയുമാണ് റദ്ദാക്കിയത്.
സംഭവത്തില്‍ കോളജ് പ്രിന്‍സിപ്പല്‍ പരീക്ഷാ സൂപ്രണ്ടിനോട് അടിയന്തര റിപ്പോര്‍ട്ട് തേടിയിരുന്നു. കറണ്ട് പോകുകയും പവര്‍ ജനറേറ്റര്‍ പ്രവര്‍ത്തിക്കാതിരിക്കുകയും ചെയ്തതോടെ പരീക്ഷാ ഹാളില്‍ ഇരുട്ടായിരുന്നുവെന്ന് പ്രിന്‍സിപ്പല്‍ ഡോ. വി അനില്‍ വ്യക്തമാക്കി.
കോളജിലെ ഇംഗ്ലീഷ് മെയിന്‍ ഹാളില്‍ ഫ്ലാഷ് ലൈറ്റിന്റെ വെളിച്ചത്തില്‍ വിദ്യാര്‍ത്ഥികള്‍ പരീക്ഷയെഴുതുന്ന ചിത്രങ്ങള്‍ പുറത്തെത്തിയതോടെയാണ് സംഭവം ചര്‍ച്ചയായത്.

Related News