സ്വത്തുക്കള്‍ കണ്ടുകെട്ടൽ രാഷ്ട്രീയ പകപോക്കലെന്ന് കെ.എം.ഷാജി

  • 12/04/2022

അനധികൃത സ്വത്ത് സമ്പാദനക്കേസില്‍
ഭാര്യ ആശ ഷാജിയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടിയതിന് പിന്നില്‍ സര്‍ക്കാരുകളുടെ രാഷ്ട്രീയ പകപോക്കലെന്ന് അഴീക്കോട് മുന്‍ എംഎല്‍എയും മുസ്ലിംലീഗ് നേതാവുമായ
കെ.എം.ഷാജി. ഇത് നിയമപരമായി നേരിടുമെന്നും സ്വത്ത് കണ്ടെത്താന്‍ ശ്രമം നടത്തിയവര്‍ നിരാശരാകേണ്ടിവരുമെന്നും കെ.എം.ഷാജി പറഞ്ഞു.

അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ഇ.ഡിയാണ് കെ.എം.ഷാജിയുടെ ഭാര്യ ആശ ഷാജിയുടെ സ്വത്തുകള്‍ കണ്ടുകെട്ടിയത്. 25 ലക്ഷം രൂപ വിലമതിക്കുന്ന സ്വത്താണ് കണ്ടുകെട്ടിയത്. നിയമസഭാംഗമായിരിക്കേ 2014ല്‍ അഴീക്കോട് സ്‌കൂളിലെ പ്ലസ്ടു ബാച്ച് അനുവദിക്കാന്‍ കെ.എം.ഷാജി 25 ലക്ഷം രൂപ മാനേജ്‌മെന്റില്‍ നിന്ന് കോഴ വാങ്ങിയെന്നായിരുന്നു പരാതി. കോഴിക്കോട് വെള്ളിമാട് കുന്നിലുള്ള സ്വത്താണ് കണ്ടുകെട്ടിയതെന്നാണ് സൂചന

നേരത്തേ കെ.എം. ഷാജിയെയും ഭാര്യയെയും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പല തവണ ചോദ്യം ചെയ്തിരുന്നു. രണ്ട് മാസം മുമ്പ് ഷാജിയുടെ ഭാര്യയെ 11 മണിക്കൂറോളം ചോദ്യം ചെയ്തിരുന്നു.

സ്‌കൂളിന്റെ വരവ് ചെലവ് കണക്കുകളും സാക്ഷി മൊഴികളും പരിശോധിച്ചുകൊണ്ടുള്ള പ്രാഥമിക അന്വേഷണത്തില്‍ ആരോപണത്തില്‍ കഴമ്പുണ്ടെന്ന് നേരത്തേ വിജിലന്‍സ് കണ്ടെത്തിയിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് ഇ.ഡി അന്വേഷണം ആരംഭിച്ചത്.

Related News