കെ സ്വിഫ്റ്റ് അപകടം: വീഴ്ച വരുത്തിയ ഡ്രൈവർമാരെ ജോലിയിൽ നിന്നും നീക്കം ചെയ്തു

  • 13/04/2022

തിരുവനന്തപുരം: ഏപ്രിൽ പതിനൊന്നാം  തീയതി  സർവ്വീസ് ആരംഭിച്ച കെഎസ്ആർടിസി - സ്വിഫ്റ്റ് ബസുകൾ അപകടത്തിൽപ്പെട്ട സംഭവത്തിൽ ഡ്രൈവർമാർക്കെതിരെ നടപടി എടുത്തു. അപകടത്തിൽപ്പെട്ട ബസുകൾ ഓടിച്ച ഡ്രൈവർമാരെ ജോലിയിൽ നിന്നും നീക്കം ചെയ്തു. ഡ്രൈവർമാരുടെ ഭാഗത്ത് വീഴ്ചയുണ്ടെന്ന് കണ്ടെത്തിയതിനെത്തുടർന്നാണ് നടപടി. 

സർവ്വീസുകൾ ഫ്ലാ​ഗ് ഓഫ് ചെയ്ത് 24 മണിക്കൂറിന് അകമാണ് രണ്ട് അപകടങ്ങൾ നടന്നത്.  ഇന്റേണൽ കമ്മിറ്റി  നടത്തിയ അന്വേഷണത്തിൽ അപകടം സംഭവിച്ചതിൽ ഡ്രൈവർമാരുടെ ഭാ​ഗത്ത് നിന്നുണ്ടായ വീഴ്ച ചെറുതല്ലെന്നാണ് വിലയിരുത്തൽ.

ഏപ്രിൽ 11 ആം തീയതി രാത്രി 11 മണിക്ക് തിരുവനന്തപുരം ജില്ലയിലെ കല്ലമ്പലത്ത് വെച്ചും ,  ഏപ്രിൽ 12 ആം തീയതി രാവിലെ 10.25 ന്   മലപ്പുറം ജില്ലയിലെ കോട്ടക്കൽ  വെച്ചുമാണ് അപകടങ്ങൾ സംഭവിച്ചത്.

സംസ്ഥാനത്തെ പൊതുഗതാഗതമേഖലയില്‍ പുതുയുഗത്തിനി‍റെ തുടക്കം എന്ന അവകാശവാദവുമായാണ് കെഎസ്ആർടിസി സ്വിഫ്റ്റിന് തുടക്കമായത്.   തിരുവനന്തപുരത്തു നിന്നും കോഴിക്കേട്ടേക്കുള്ള കെഎസ് 29  ബസ്സാണ് ആദ്യം അപകടത്തില്‍പെട്ടത്. കല്ലമ്പലത്തിനടുത്ത് എതിരെ  നിന്നു വന്ന ലോറി ഉരസുകയായിരുന്നു. റിയര്‍ വ്യൂ മിറര്‍ തകര്‍ന്നു. മുന്‍ഭാഗത്ത് പെയിന്‍റും പോയി. യാത്രക്കാര്‍ക്ക് പരിക്കില്ല.മറ്റൊരു കണ്ണാടി പിടിപ്പിച്ച് യാത്ര തുടര്‍ന്നു.

കോഴിക്കോട് നിന്നു തിരുവനന്തപുരത്തേക്ക് വന്ന കെഎസ് 36 ബസ് മലപ്പുറം ചങ്കുവെട്ടില്‍ സ്വകാര്യ ബസ്സുമായി ഉരസിയാണ് രണ്ടാമത്തെ അപകടം. ഒരു വശത്തെ പെയിന്‍റ് പോയി. കെഎസ്ആർടിസി സ്വിഫ്റ്റിലെ ജീവനക്കാരെല്ലാം കരാര്‍ വ്യവസ്ഥയിലുള്ളവരാണ്. വോള്‍വോ അടക്കമുള്ള ബസ്സുകള്‍ ഓടിച്ച് കാര്യമായ പരിചയം ഇല്ലാത്തവരാണ് ഭൂരിഭാഗം പേരുമെന്ന ആക്ഷേപവും ശക്തമാണ്. 


Related News