കെഎസ്ഇബി സമരത്തിൽ കടുത്ത നടപടി; സംസ്ഥാന നേതാക്കൾക്ക് സ്ഥലം മാറ്റം

  • 13/04/2022

തിരുവനന്തപുരം: കെഎസ്ഇബി ഓഫീസേഴ്‍സ് അസോസിയേഷന്‍റെ സമരത്തിൽ കടുത്ത നടപടിയുമായി മാനേജ്മെന്‍റ്. അനുമതി ഇല്ലാതെ അവധിയെടുത്തുവെന്ന് പറഞ്ഞ് നടപടിയെടുത്ത കെഎസ്ഇബി എക്സിക്യൂട്ടീവ് എഞ്ചിനീയർ ജാസ്മിൻ ബാനുവിന്‍റെ സസ്പെൻഷൻ പിൻവലിച്ചെങ്കിലും അവരെ പത്തനംതിട്ടയിലേക്ക് സ്ഥലം മാറ്റി. സംസ്ഥാന പ്രസിഡന്‍റ് സുരേഷ് കുമാർ അടക്കമുള്ളവരെയും സ്ഥലം മാറ്റാനാണ് മാനേജ്മെന്‍റ് തീരുമാനം. സുരേഷ് കുമാറിന്‍റെ സസ്പെൻഷൻ പിൻവലിച്ചെങ്കിലും തിരുവനന്തപുരത്ത് നിന്ന് പെരിന്തൽമണ്ണയിലേക്ക് സ്ഥലം മാറ്റി. നടപടി അംഗീകരിക്കില്ലെന്നും സമരം തുടരുമെന്നും അസോസിയേഷൻ അറിയിച്ചു. സിഐടിയു വിമർശനങ്ങൾ തള്ളിയ വൈദ്യുതിമന്ത്രി കെ കൃഷ്ണൻകുട്ടി മുഖ്യമന്ത്രിയുടെ പൂർണ്ണ പിന്തുണ തനിക്കുണ്ടെന്ന് പറഞ്ഞു.


സമരം തുടരുന്ന അസോസിയേഷനോട് ഒട്ടും വിട്ടുവീഴ്ചയില്ലാത്ത സമീപനമാണ് ചെയർമാൻ സ്വീകരിച്ചത്. നേരിട്ട് ചർച്ചയ്ക്ക് തയ്യാറാകാതെ സമവായത്തിന് ഫിനാൻസ് ഡയറക്ടറെ ചുമതലപ്പെടുത്തിയ കെഎസ്ഇബി ചെയർമാൻ ബി അശോക് കൂടുതൽ കടുത്ത നടപടിയിലേക്ക് നീങ്ങി.

ഹൈക്കോടതി നിർദ്ദേശത്തിന്‍റെ അടിസ്ഥാനത്തിൽ കെഎസ്ഇബി എക്സിക്യൂട്ടീവ് എഞ്ചിനീയർ ജാസ്മിൻ ബാനുവിന്‍റെ സസ്പെൻഷൻ പിൻവലിച്ചെങ്കിലും കർശന താക്കീതോടെയാണ് നടപടി. തിരുവനന്തപുരത്തെ വൈദ്യുതി ഭവനിൽ നിന്നും ജാസ്മിനെ സീതത്തോടേക്ക് സ്ഥലം മാറ്റിയിട്ടുമുണ്ട്.
അസോസിയേഷൻ പ്രസിഡന്‍റ് സുരേഷ് കുമാറിന്‍റെയും ജനറൽ സെക്രട്ടറി ഹരികുമാറിന്‍റെയും സസ്പെൻഷൻ പിൻവലിക്കുമെങ്കിലും ഇവരെയും സ്ഥലം മാറ്റുമെന്നാണ് തിരുവനന്തപുരം ബ്യൂറോ റിപ്പോർട്ട് ചെയ്യുന്നത്. പ്രതികാരനടപടി അംഗീകരിക്കില്ലെന്നും ചെയർമാൻ സ്ത്രീവിരുദ്ധ പരാമർശം പിൻവലിച്ച് ഖേദ പ്രകടനം നടത്തണമെന്നും അസോസിയേഷൻ ആവശ്യപ്പെട്ടു.

സമരം തുടരുമെന്ന് അസോസിയേഷൻ പറയുമ്പോഴും ചെയർമാന് പൂർണ പിന്തുണ നൽകുകയാണ് വൈദ്യുതിമന്ത്രി. സിഐടിയു അടക്കം മന്ത്രിയെ പരിഹസിക്കുമ്പോൾ മുഖ്യമന്ത്രിയുടെ പിന്തുണ തനിക്കുണ്ടെന്നാണ് കെ കൃഷ്ണൻകുട്ടിയുടെ മറുപടി. 

Related News