കാമുകനോടൊപ്പം ജീവിക്കാന്‍ കൊലപാതകം; ഷാളുപയോഗിച്ച് കഴുത്തു മുറുക്കി, മൂന്നു വയസ്സുകാരനെ അമ്മ കൊലപ്പെടുത്തിയതിന്‍റെ കൂടുതല്‍ വിവരങ്ങള്‍

  • 14/04/2022

പാലക്കാട്: എലപ്പുള്ളിയിലെ ചുട്ടിപ്പാറയില്‍ മൂന്നുവയസ്സുകാരനെ അമ്മ ആസിയ കൊലപ്പെടുത്തിയത് ഞെട്ടലോടെയാണ് നാടറിഞ്ഞത്.  ഷാളുപയോഗിച്ച് കഴുത്തു മുറക്കിയാണ് കുട്ടിയെ കൊലപ്പെടുത്തിയതെന്ന് പോലീസ്. കാമുകനോടൊപ്പം ജീവിക്കാന്‍വേണ്ടിയാണ് ആസിയ കൃത്യം നടത്തിയതെന്നും കൊലപാതകത്തില്‍ വീട്ടുകാര്‍ക്കോ സുഹൃത്തിനോ ബന്ധമുള്ളതായി കണ്ടെത്തിയിട്ടില്ലെന്നുമാണ് പോലീസ് പറയുന്നത്.

ചൊവ്വാഴ്ച രാവിലെയാണ് എലപ്പുള്ളി മണിയേരി വേങ്ങോടി ഷമീര്‍ മുഹമ്മദിന്റെ മകന്‍ മുഹമ്മദ് ഷാനിനെ ആസിയയുടെ എലപ്പുള്ളി ചുട്ടിപ്പാറയിലെ വീട്ടില്‍ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ബന്ധുക്കളുടെ പരാതിയെത്തുടര്‍ന്ന് പോസ്റ്റ്‌മോര്‍ട്ടം നടത്തിയപ്പോള്‍ കുട്ടി ശ്വാസംമുട്ടിയാണ് മരിച്ചതെന്ന് കണ്ടെത്തി. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് കുട്ടിയെ അമ്മ ആസിയ കൊലപ്പെടുത്തിയതാണെന്ന് കണ്ടെത്തിയത്.

നാലരവര്‍ഷംമുമ്പാണ് എലപ്പുള്ളി മണിയേരി വേങ്ങോടി ഷമീര്‍മുഹമ്മദുമായി ആസിയയുടെ വിവാഹം കഴിഞ്ഞത്.  ഒരുവര്‍ഷത്തോളമായി ഭര്‍ത്താവുമായി പിണങ്ങി സ്വന്തം വീട്ടിലാണ്  ആസിയ താമസിച്ചിരുന്നത്. മുഹമ്മദ് ഷാനെയും ആസിയ വീട്ടിലേക്ക് കൊണ്ടുവന്നിരുന്നു. ഇതിനിടെയാണ് ആസിയ സമൂഹമാധ്യമങ്ങള്‍വഴി ആണ്‍സുഹൃത്തിനെ പരിചയപ്പെടുന്നത്. കാമുകനോടൊപ്പം ജീവിക്കാന്‍ കുട്ടി തടസ്സമാകുമെന്ന് തോന്നിയതാണ് മകനെ കൊലപ്പെടുത്താന്‍ ആസിയയെ പ്രേരിപ്പിച്ചത്. കാമുകനെ നഷ്ടപ്പെടുമെന്ന ആശങ്കയാണ് കൊലപാതകത്തില്‍ കലാശിച്ചത്.   

ബുധനാഴ്ച ആസിയയെ കൊലനടത്തിയ ചുട്ടിപ്പാറയിലെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തിയ ശേഷം പാലക്കാട് ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Related News