ശ്രവണ സഹായി വാങ്ങാനെത്തിയ വയോധികന്റെ മൊബൈൽ ഫോൺ കവർന്നു; ഒരാഴ്ചക്ക് ശേഷം പ്രതി പിടിയിൽ

  • 14/04/2022

കോഴിക്കോട് : വയോധികന്റെ മൊബൈൽ ഫോൺ കവർന്ന പ്രതിയെ പോലീസ് പിടികൂടി. മുഹമ്മദ് ഡാനിഷ് (20) എന്നയാളാണ് കവർച്ച നടത്തിയത്. കോഴിക്കോട്  നാലാം റെയിൽവേ ഗേറ്റിനടുത്ത് വെച്ചാണ് ഓമശ്ശേരി സ്വദേശിയുടെ മൊബൈൽ ഫോൺ ഇയാൾ കവർന്നത്. വെള്ളയിൽ പോലീസാണ് പ്രതിയെ പിടികൂടിയത്. 

ഏപ്രിൽ ഏഴിനാണ് കവർച്ച നടന്നത്. ശ്രവണ സഹായി വാങ്ങിക്കുന്നതിനായി കോഴിക്കോട് നഗരത്തിലെത്തിയ വയോധികനെ ശ്രവണ സഹായി ലഭിക്കുന്ന ഷോപ്പ് തനിക്കറിയാമെന്ന് പറഞ്ഞ് തെറ്റിദ്ധരിപ്പിച്ച് കൂട്ടിക്കൊണ്ടുപോയ ഇയാൾ കോഴിക്കോട് പി ടി ഉഷ റോഡിൽ നാലാം ഗേറ്റിന് സമീപത്തെ ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ച ശേഷം വയോധികനെ ആക്രമിച്ച് മൊബൈൽ ഫോൺ തട്ടിപ്പറിച്ച് ഓടി രക്ഷപ്പെടുകയായിരുന്നു.

വയോധികന്റെ പരാതിയിൽ കേസെടുത്ത പോലീസ് അന്വേഷണം നടത്തുന്നതിനിടെ ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതിയെ പിടികൂടിയത്. മൊബൈൽ ഫോൺ കോഴിക്കോട് ഉള്ള  ഒരു കടയിൽ വിറ്റ് കിട്ടിയ പണവുമായി ഗോവയിലേക്ക് കടന്ന പ്രതി പണം അവിടെ ധൂർത്തടിച്ച ശേഷം കോഴിക്കോടേക്ക് തിരിച്ചു. നാട്ടിലേക്ക് വരുന്നതിനിടെ ട്രെയിനിൽ നിന്ന് 32000 രൂപയുടെ മറ്റൊരു മൊബൈൽ മോഷ്ടിച്ച് കോഴിക്കോട്ടെ മറ്റൊരു കടയിൽ വിറ്റതായും പ്രതി ചോദ്യം ചെയ്യലിൽ പോലീസിനോട് സമ്മതിച്ചു. 

Related News