മുഖ്യമന്ത്രിയുടെ വിഷു ആശംസ

  • 14/04/2022

തിരുവനന്തപുരം: മലയാളികള്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയന്റെ വിഷു ആശംസ. ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും പുതിയ പുലരിയെ വരവേല്‍ക്കുന്ന വിഷു ആഘോഷം നാടിന്റെ കൂട്ടായ്മയ്ക്കും സാഹോദര്യത്തിനും കരുത്ത് വര്‍ധിപ്പിക്കുന്നതാകട്ടെയെന്ന് അദ്ദേഹം പറഞ്ഞു. 

നഷ്ടപ്പെട്ടുകൊണ്ടിരുന്ന നാടിന്റെ കാര്‍ഷിക പാരമ്പര്യത്തെ ആവേശപൂര്‍വം നാമിന്നു തിരിച്ചു പിടിക്കുകയാണ്. നെല്‍കൃഷിയും പച്ചക്കറി ഉല്‍പാദനവുമെല്ലാം വീണ്ടും മികവിലേക്ക് ഉയരുന്നു.സമൂഹത്തിന്റെ ഐക്യം എക്കാലത്തേക്കാളും പ്രസക്തമായ ഈ ഘട്ടത്തില്‍ സ്‌നേഹവും സാഹോദര്യവും നിറഞ്ഞ മനസ്സോടെ ഒത്തൊരുമിച്ച് വിഷു ആഘോഷിക്കാം. 

കോവിഡ് തീര്‍ത്ത പ്രതിസന്ധികളുടെ നാളുകള്‍ മറികടന്നു പുതിയ കുതിപ്പിനായി കേരളം തയാറെടുക്കുകയാണ്. നാടിന്റെ സമഗ്രവും സര്‍വതല സ്പര്‍ശിയുമായ ക്ഷേമവും വികസനവും ഉറപ്പു വരുത്താന്‍ നമുക്ക് കൈകോര്‍ക്കാം. വിഷുവിന്റെ സന്ദേശം പരസ്പരം പങ്കുവച്ച് ശോഭനമായ പുതിയ കാലത്തേക്ക് ഉറച്ച കാല്‍വയ്പുകളുമായി മുന്നേറണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Related News