കെ.എസ്.ഇ.ബി ജീവനക്കാരുടെ സമരത്തില്‍ സര്‍ക്കാര്‍ ഇടപെടുന്നു; തിങ്കളാഴ്ച മന്ത്രിതല ചര്‍ച്ച

  • 15/04/2022

തിരുവനന്തപുരം: ആഴ്ചകളായി തുടരുന്ന കെ.എസ്.ഇ.ബി ചെയര്‍മാനും ജീവനക്കാരും തമ്മിലുള്ള ശീതസമരത്തില്‍ ഇടപെടാനൊരുങ്ങി സര്‍ക്കാര്‍. ഇതിന്റെ ഭാഗമായി തിങ്കളാഴ്ച മന്ത്രിതല ചര്‍ച്ച നടത്താന്‍ തീരുമാനമായി. വൈദ്യുതി മന്ത്രി കെ. കൃഷ്ണന്‍കുട്ടി സമരക്കാരുമായി ചര്‍ച്ച നടത്തും. അതേസമയം ചര്‍ച്ച പരാജയപ്പെട്ടാല്‍ കടുത്ത ഉപരോധവുമായി മുന്നോട്ട് പോകാനാണ് ഓഫീസേഴ്സ് അസോസിയേഷന്റെ തീരുമാനം. കെ.എസ്.ഇ.ബി ഡയറക്ടര്‍ ബോര്‍ഡും അസോസിയേഷനുകളും തമ്മില്‍ കഴിഞ്ഞ ദിവസം നടത്തിയ ചര്‍ച്ച പരാജയമായിരുന്നു. സമരക്കാരുടെ പ്രധാന ആവശ്യമായ നേതാക്കളുടെ പേരിലുള്ള സസ്‌പെന്‍ഷന്‍ നടപടി പിന്‍വലിച്ചെങ്കിലും അവരെ സ്ഥലം മാറ്റിയതില്‍ പ്രതിഷേധം ഉയരുന്നുണ്ട്. എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ ജാസ്മിന്‍ ബാനുവിന്റെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചതിന് പിന്നാലെ അവരെ സീതത്തോട്ടിലേക്ക് സ്ഥലം മാറ്റി.

ഇതിന് പുറമെ അസോസിയേഷന്റെ സംസ്ഥാന പ്രസിഡന്റ് എം.ജി സുരേഷ്‌കുമാറിനെ വൈദ്യുതി ഭവനില്‍ നിന്നും പെരിന്തല്‍മണ്ണയിലേക്കും സ്ഥലം മാറ്റി. ജനറല്‍ സെക്രട്ടറി ഹരികുമാറിന്റെ പ്രമോഷന്‍ തടയുകയും ചെയ്തു. ചെയര്‍മാന്റെ ഏകാധിപത്യമാണ് ഇപ്പോഴുള്ള പ്രശ്‌നങ്ങള്‍ക്കെല്ലാം കാരണമെന്നും സ്ഥലംമാറ്റ നടപടികള്‍ പിന്‍വലിക്കുന്നത് വരെ സമരം തുടരുമെന്നുമാണ് ഓഫീസേഴ്‌സ് അസോസിയേഷന്റെ നിലപാട്.രണ്ട് നേതാക്കളെ സ്ഥലം മാറ്റിയ ഉത്തരവില്‍ മാറ്റംവരുത്താന്‍ സാങ്കേതിക പ്രശ്നം ഉണ്ടെന്നാണ് മാനേജ്മെന്റ് നല്‍കുന്ന വിശദീകരണ്ം. സുരേഷും ജാസ്മിനും ജോലി ചെയ്തിരുന്ന സ്ഥാനത്തു പകരം ആളെ നിയമിച്ചിട്ടുണ്ട്. എന്നാല്‍ ഹരികുമാറിന്റെ ഒഴിവ് നികത്തിയിട്ടില്ല. പ്രശ്നങ്ങള്‍ എത്രയും വേഗം ചര്‍ച്ചയിലൂടെ പരിഹരിക്കാനാണ് എല്‍ഡിഎഫ് സിപിഎം നേതൃത്വങ്ങള്‍ നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം.

സമരം ചെയ്യുന്നവരെ പരിഹസിച്ച് ചെയര്‍മാന്‍ ബി അശോക് ഇന്നലെ രംഗത്ത് വന്നിരുന്നു. സമരക്കാര്‍ വെറുതെ വെയിലും മഴയും കൊണ്ട് നില്‍ക്കുകയാണ്. ഇത് കൊണ്ട് പ്രയോജനമൊന്നുമില്ലെന്നാണ് അദ്ദേഹം പറഞ്ഞത്. എന്നാല്‍ വെയിലത്തും മഴയത്തുമൊക്കെ പണിയെടുത്തിട്ടാണ് വൈദ്യുതി മേഖല നിലനില്‍ക്കുന്നതെന്നും ഈ മേഖലയെ തകര്‍ക്കാനായി മുന്നിട്ടിറങ്ങുന്ന പിന്തിരിപ്പന്‍മാര്‍ക്കെതിരെ പ്രതിരോധം തീര്‍ക്കാന്‍ ്മടിയില്ലെന്നുമായിരുന്നു സമരക്കാരുടെ മറുപടി.

Related News