കെ-സ്വിഫ്റ്റ് ഡ്രൈവറുടെ അറസ്റ്റ് രേഖപ്പെടുത്തി

  • 15/04/2022



തൃശ്ശൂര്‍: കുന്നംകുളത്ത് വാഹനാപകടത്തില്‍ വയോധികന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ കെ-സ്വിഫ്റ്റ് ബസ് ഡ്രൈവര്‍ വിനോദിനെ പൊലീസ് അറസ്റ്റ് ചെയ്തു. മനപ്പൂര്‍വമല്ലാത്ത നരഹത്യക്ക് കേസ് രജിസ്റ്റര്‍ ചെയ്ത ഇയാളെ പിന്നീട് ജാമ്യത്തില്‍ വിട്ടു. സംഭവത്തില്‍ വയോയധികനെ ആദ്യം ഇടിച്ച പിക്കപ്പ് വാന്‍ ഡ്രൈവര്‍ സൈനുദ്ദീനും അറസ്റ്റിലായി. അപകടത്തെ തുടര്‍ന്ന് ബസ് ഇന്നലെ പൊലിസ് കസ്റ്റഡിയിലെടുത്തിരുന്നു. 

അപകടം നടന്നത് ശ്രദ്ധയില്‍പ്പെട്ടിരുന്നില്ലെന്നാണ് ബസ് ഡ്രൈവര്‍ പൊലീസിന് നല്‍കിയ മൊഴി. ബസ് നിര്‍ത്താതെ പോയത് അതിനാലാണെന്നും ഡ്രൈവര്‍ വിശദീകരിക്കുന്നു. തൃശൂരില്‍ നിന്ന് കോഴിക്കോട്ടേക്ക് പോവുകയായിരുന്നു ബസ്. കുന്നംകുളം മലായ ജംഗ്ഷനില്‍ വെച്ച് പുലര്‍ച്ചെ 5.30 തിനാണ് അപകടമുണ്ടായത്. സമീപത്തെ കടയില്‍ നിന്നും ചായ വാങ്ങാന്‍ റോഡ് മുറിച്ചു കടക്കുന്നതിനിടെ പരസ്വാമിയെ, അമിതവേഗതയിലെത്തിയ ബസ് ഇടിക്കുകയായിരുന്നുവെന്നാണ് ദൃക്‌സാക്ഷികള്‍ പൊലീസിനെ അറിയിച്ചത്.പിന്നീട് പൊലീസ് സമീപത്തെ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ ബസ് ഇടിക്കുന്നതിന് മുമ്പ് മറ്റൊരു പിക്കപ്പ് വാന്‍ പരസ്വാമിയെ ഇടിച്ചതായി വ്യക്തമായി. ഈ അപകടത്തില്‍ റോഡിലേക്ക് വീണ പരസ്വാമിയുടെ കാലുകളിലൂടെ തൊട്ടു പിറകെയെത്തിയ സ്വിഫ്റ്റ് ബസിന്റെ പിറകിലെ ടയര്‍ കയറിയിറങ്ങുകയായിരുന്നു. 

അവിടെയുണ്ടായിരുന്നവര്‍ ബസിന് കൈകാണിച്ചെങ്കിലും നിര്‍ത്താതെ പോയി. ഇത് അപകടം നടന്ന വിവരം അറിയാതിരുന്നതിനാലാണെന്ന് ഡ്രൈവര്‍ വിശദീകരിക്കുന്നു.അപടകമുണ്ടാക്കിയ പിക്കപ്പ് വാന്‍ തൃശൂര്‍ വെള്ളറക്കാട് സ്വദേശിയുടേതാണെന്ന് കണ്ടെത്തി. വാനും സ്വിഫ്റ്റും അമിതവേഗത്തിലാണ് പോയിരുന്നതെന്നാണ് ദൃക്‌സാക്ഷികള്‍ നല്‍കിയ വിവരം. പരസ്വാമിയുടെ മരണത്തിന് ഇരുവാഹനങ്ങളും കാരണമായിട്ടുണ്ടെന്നാണ് പൊലീസിന്റെ നിഗമനം.

Related News