കൊലയാളി സംഘം എത്തിയത് നേരത്തെ കൊല്ലപ്പെട്ട ആര്‍.എസ്.എസ് പ്രവര്‍ത്തകന്റെ കാറിലെന്ന് സൂചന

  • 15/04/2022

പാലക്കാട്: എലപ്പുള്ളിയില്‍ എസ്.ഡി.പി.ഐ നേതാവിനെ വെട്ടിക്കൊലപ്പെടുത്തിയത് ആര്‍.എസ്.എസ് പ്രവര്‍ത്തകരാണെന്ന സംശയം ബലപ്പെടുന്നു. സുബൈറിനെ വെട്ടിക്കൊലപ്പെടുത്തിയ സംഘമെത്തിയത് നേരത്തെ കൊല്ലപ്പെട്ട ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ സഞ്ജിത്തിന്റെ കാറിലാണെന്ന് പൊലീസിന് വ്യക്തമായ സൂചന ലഭിച്ചു. 


രണ്ടു കാറുകളിലെത്തിയ കൊലയാളി സംഘം സൈബറിനെ വെട്ടിക്കൊന്ന ശേഷം രക്ഷപ്പെടുകയായിരുന്നു. സംഭവത്തിന് ശേഷം വഴിയില്‍ ഉപേക്ഷിച്ച നിലയില്‍ പൊലീസ് കണ്ടെത്തിയ കെ.എല്‍ 11 എ ആര്‍ 641 എന്ന നമ്പറിലുള്ള ഇയോണ്‍ കാര്‍ പരിശോധിച്ചപ്പോഴാണ് നേരത്തെ കൊല്ലപ്പെട്ട സഞ്ജിത്തിന്റെ വാഹനമാണെന്ന് വ്യക്തമായത്.

ഇയോണ്‍ കാറിന് പുറമെ ഗ്രേ നിറത്തിലുള്ള വാഗണ്‍ ആര്‍ കാറുമാണ് അക്രമി സംഘം ഉപയോഗിച്ചത്. ഗ്രേ കളര്‍ വാഗണ്‍ ആര്‍ കാറില്‍ പ്രതികള്‍ രക്ഷപ്പെട്ടതായാണ് സംശയം. പള്ളിയില്‍ നിന്ന് നിസ്‌കരിച്ച് പുറത്തേക്ക് ഇറങ്ങിയപ്പോഴാണ് അക്രമം നടന്നത്. പിതാവിനൊപ്പം ബൈക്കില്‍ യാത്ര ചെയ്യുന്നതിനിടെ കാറിലെത്തിയ സംഘം ബൈക്ക് ഇടിച്ചുവീഴ്ത്തി. തുടര്‍ന്ന് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. 

രണ്ട് കാറിലെത്തിയ സംഘമാണ് ആക്രമണം നടത്തിയത്. സുബൈറിന്റെ പിതാവിന് ബൈക്കില്‍ നിന്ന് വീണ് പരിക്കേറ്റിട്ടുണ്ട്. നിരവധി തവണ സുബൈറിനെ വെട്ടിയതായാണ് വിവരം. സുബൈര്‍ പോപ്പുലര്‍ ഫ്രണ്ട് പ്രാദേശിക പ്രവര്‍ത്തകനാണ്. 



Related News