'ആംബുലൻസ് നിർത്തിയാല്‍ സമയം നഷ്ടമാകും, കുഞ്ഞിന് വേണ്ടി ബിസ്‌കറ്റ് വാങ്ങിത്തരാമോ?' ദൗത്യം ഏറ്റെടുത്ത് മാതൃകയായി പോലീസ്

  • 15/04/2022

ഏനാത്ത്: ആംബുലൻസിൽ ആശുപത്രിയിലേക്ക് കൊണ്ടു പോകുന്ന കുഞ്ഞിന് ബിസ്കറ്റ് വാങ്ങിത്തരാമോ എന്ന ഫോൺ വിളി ലഭിച്ചപ്പോള്‍ കബളിപ്പിക്കാനാണെന്ന് ആദ്യം കരുതിയെങ്കിലും പിന്നീട് ദൗത്യം ഏറ്റെടുത്ത് മാതൃകയായി ഏനാത്ത് പോലീസ്. കഴിഞ്ഞ ദിവസം രാവിലെയാണ് സഹായം അഭ്യര്‍ത്ഥിച്ചു കൊണ്ടുള്ള ഫോണ്‍ വിളിയെത്തിയത്.

 പത്തരയോടയാണ് പോലീസ് സ്റ്റേഷനിലേക്ക് സഹായം അഭ്യര്‍ഥിച്ച് ഫോണ്‍ വിളി വന്നത്. മോള്‍ക്ക് സുഖമില്ല. ആംബുലന്‍സില്‍ തിരുവനന്തപുരത്തേക്ക് വന്നുകൊണ്ടിരിക്കുകയാണ്. കുഞ്ഞ് ഒന്നും കഴിച്ചിട്ടില്ല. ആംബുലൻസ് നിർത്തി ആഹാരം വാങ്ങിയാൽ സമയം നഷ്ടപ്പെടും. അതിനാൽ ബിസ്കറ്റ് വാങ്ങി ആംബുലൻസിനരികിൽ എത്തിക്കാമോ എന്നായിരുന്നു പോലീസിനോടുള്ള സഹായാഭ്യർഥന. 

പാറാവ് ഡ്യൂട്ടിയിലുണ്ടായിരുന്ന സിവിൽ പോലീസ് ഓഫിസർ കെ.എം.മനൂപാണ് ഫോൺ എടുത്തത്. ഇൻസ്പെക്ടർ അവധിയിലായിരുന്നതിനാൽ എസ് ഐ ടി.സുമേഷിനെ വിവരം അറിയിച്ചു. ഇരുവരും കൂടി ബിസ്കറ്റ് വാങ്ങി ഏനാത്ത് പാലത്തിനു സമീപം കാത്തു നിന്നു. ഡ്യൂട്ടിയിലുണ്ടായിരുന്ന ഹോം ഗാർഡ് രാധാകൃഷ്ണനും ഒപ്പം ചേർന്നു. അപ്പോഴേക്കും റാന്നി ഭാഗത്തുള്ള ആംബുലൻസ് എത്തി. വേഗം കുറച്ചപ്പോഴേക്കും ആംബുലൻസിലിരുന്ന കുഞ്ഞിന്റെ ബന്ധുക്കൾക്ക് ബിസ്കറ്റ് കൈമാറുകയും ചെയ്തു. കുഞ്ഞിന്റെ രോഗ വിവരം തിരക്കിയും സ്ഥലം ചോദിച്ചും സമയം നഷ്ടപ്പടുത്താൻ ശ്രമിക്കാതെ ദൗത്യം പൂർത്തിയാക്കി പോലീസ് മടങ്ങി.

Related News