ശമ്പളമില്ല: വിഷുദിനത്തില്‍ മണ്ണ് സദ്യ വിളമ്പി പ്രതിഷേധം

  • 15/04/2022

കൊച്ചി: മാര്‍ച്ചിലെ ശമ്പളം വിഷു ദിനത്തില്‍പ്പോലും നല്‍കാത്തതില്‍ പരസ്യ പ്രതിഷേധവുമായി കെ.എസ്.ടി എംപ്ലോയീസ് സംഘ് (ബി.എം.എസ്). സദ്യ വിളമ്പിയാണ് എംപ്ലോയീസ് സംഘ് അംഗങ്ങള്‍ പ്രതിഷേധിച്ചത്. ആലുവ ഡിപ്പോയില്‍ ആലുവ യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പ്രതിഷേധം സംഘടിപ്പിച്ചത്.

ശമ്പളം നല്‍കാന്‍ ധനവകുപ്പ് 30 കോടി രൂപ അനുവദിച്ചെങ്കിലും വിതരണം നടന്നില്ല. അവധിയായതിനാല്‍ അക്കൗണ്ടിലേക്ക് പണം എത്താത്തതാണ് പ്രതിസന്ധിയായത്.

ഇതിനിടെ കെ.എസ്.ആര്‍.ടി.സിയിലെ ഇടത് യൂണിയനുകള്‍ കൂടി പ്രത്യക്ഷ സമരത്തിന് ഇറങ്ങിയിട്ടുണ്ട്. മാനേജ്‌മെന്റിനെയും സിഎംഡിയെയും പിരിച്ചു വിടണമെന്ന് റിലേ നിരാഹാരം തുടങ്ങിയ സിഐടിയു ആവശ്യപ്പെട്ടു.

കൂടാതെ, വാഗ്ദാനലംഘനത്തിനെതിരെ വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ ഏപ്രില്‍ 28ന് സൂചനാ പണിമുടക്കിന് ആഹ്വാനവും നല്‍കിയിട്ടുണ്ട്. ജോലി ചെയ്ത ശമ്പളം വിഷുവായിട്ടും കിട്ടില്ലെന്ന് ഉറപ്പായതോടെയാണ് ഐഎന്‍ടിയുസി, ബിഎംഎസ് യൂണിയനുകള്‍ക്ക് പിന്നാലെ ഇടത് സംഘടനകളും പ്രത്യക്ഷ സമരത്തിനിറങ്ങിയത്.

ശമ്പളവും കുടിശ്ശികയും നല്‍കാന്‍ 87 കോടിരൂപ വേണമെന്നിരിക്കെ 30 കോടി രൂപ ഒന്നിനും തികയില്ലെന്നാണ് കെഎസ്ആര്‍ടിസി അധികൃതര്‍ പറയുന്നത്. കഴിഞ്ഞ മാസം 50 കോടി രൂപ ഓവര്‍ഡ്രാഫ്റ്റ് എടുത്താണ് ശമ്പളം വിതരണം ചെയ്തത്. ഈ ഇനത്തില്‍ 1.25 കോടി രൂപ സ്വകാര്യ ബാങ്കില്‍ തിരിച്ചടവുണ്ട്.

Related News