പാലക്കാട്ടെ കൊലപാതകം; പ്രതികള്‍ ഉപയോഗിച്ച രണ്ടാമത്തെ കാറും കണ്ടെത്തി

  • 16/04/2022

പാലക്കാട്: എലപ്പുള്ളിയില്‍ എസ്ഡിപിഐ പ്രവര്‍ത്തകന്‍ സുബൈറിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികള്‍ ഉപയോഗിച്ചതെന്ന് കരുതുന്ന രണ്ടാമത്തെ കാറും അന്വേഷണ സംഘം കണ്ടെത്തി. കെഎല്‍ 9 എക്യു 7901 എന്ന നമ്പറിലുള്ള ആള്‍ട്ടോ കാറാണ് കഞ്ചിക്കോട് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. 

വാഹനത്തിന്റെ ഉടമയെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്. നേരത്തെ ആക്രമിസംഘമെത്തിയ കാര്‍ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. കൊല്ലപ്പെട്ട ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സഞ്ജിത്തിന്റെ പേരിലുള്ള കെ എല്‍ 11 എ ആര്‍ 641 എന്ന നമ്പറിലുള്ള ഇയോണ്‍ കാര്‍ ആണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. കാര്‍ സഞ്ജിത്തിന്റെതാണെന്ന് വീട്ടുകാര്‍ സ്ഥിരീകരിച്ചു.

സഞ്ജിത്തിന്റെ കൊലപാതകത്തിന്റെ വൈരാഗ്യമാണ് സുബൈറിന്റെ കൊലയ്ക്ക് പിന്നിലെന്നാണ് പൊലീസ് നല്‍കുന്ന സൂചന. സുബൈറിന്റേത് രാഷ്ട്രീയ കൊലപാതകമെന്നാണ് പൊലീസ് എഫ്ഐആറില്‍ പറയുന്നത്. മാരകായുധങ്ങള്‍ ഉപയോഗിച്ചുള്ള സംഘടിത ആക്രമണമാണ് നടന്നത്. സംഭവത്തില്‍ ആസൂത്രണമുണ്ടെന്നും എഫ്‌ഐആറില്‍ പറയുന്നു.

സുബൈറിന്റെ പിതാവ് അബൂബക്കറിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് എഫ്‌ഐആര്‍. ഇതേസമയം സുബൈറിന്റെ കബറടക്കം ഇന്ന് നടക്കും. രാവിലെ പത്ത് മണിയോടെ പോസ്റ്റ്മോര്‍ട്ടം നടപടികള്‍ ആരംഭിക്കും. വൈകിട്ട് എലപ്പുള്ളിയിലാണ് കബറടക്കം.



Related News