മീന്‍ കറി കഴിച്ചവര്‍ക്ക് വയറുവേദന; മീന്‍ കഴിച്ച് പൂച്ചകള്‍ ചത്തു, കര്‍ശന നടപടിയെടുക്കാന്‍ ആരോഗ്യമന്ത്രിയുടെ നിര്‍ദ്ദേശം

  • 16/04/2022

തിരുവനന്തപുരം: ഇടുക്കി നെടുങ്കണ്ടം തൂക്കുപാലത്ത് മീന്‍ കറി കഴിച്ചവര്‍ക്ക് വയറുവേദനയും പച്ചമീന്‍ കഴിച്ച് പൂച്ചകള്‍ ചാകുന്നതായുമുള്ള വാര്‍ത്തയെ തുടര്‍ന്ന് സംഭവം അന്വേഷിച്ച് കര്‍ശന നടപടിയെടുക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ഭക്ഷ്യ സുരക്ഷാ കമ്മീഷണര്‍ക്ക് നിര്‍ദേശം നല്‍കി. മന്ത്രിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് ഇന്നുതന്നെ പ്രദേശത്ത് പരിശോധന നടത്തി സാമ്പിള്‍ ശേഖരിക്കും. 

മീന്‍ കേടാകാതിരിക്കാന്‍ എന്തെങ്കിലും മായം ചേര്‍ത്തിട്ടുണ്ടെങ്കില്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി വാര്‍ത്താ കുറിപ്പില്‍ വ്യക്തമാക്കി. കഴിഞ്ഞ ദിവസമാണ് തൂക്കുപാലത്ത് മീന്‍കറി കഴിച്ചവർക്ക് വയറുവേദന ഉണ്ടായത്. ടൗണിലെ ചില കടകളില്‍ നിന്ന് മീന്‍ വാങ്ങി കഴിച്ചവര്‍ക്കാണ് അസ്വസ്ഥത അനുഭവപ്പെട്ടത്. 

മീൻകറി കഴിച്ച പല കുട്ടികളും വയറുവേദനയെത്തുടര്‍ന്ന് ആശുപത്രികളില്‍ ചികിത്സ തേടിയിരുന്നു. പ്രദേശത്ത് ലഭിച്ച പച്ചമീന്‍ കഴിച്ച്‌ പൂച്ചകള്‍ ചാകുന്നതായും നിരവധി പേര്‍ക്ക് വിവിധ അസ്വസ്ഥതകള്‍ ഉണ്ടാകുന്നതായും പരാതി ഉയര്‍ന്നിരുന്നു. മീന്‍ കേടാകാതിരിക്കാന്‍ ആരോഗ്യത്തിന് ഹാനികരമായ രാസവസ്തുക്കള്‍ ഉപയോഗിക്കുന്നുണ്ടെന്നാണ് പ്രദേശ വാസികള്‍ ആരോപിക്കുന്നത്. സംഭവത്തില്‍  മീന്‍കടകളില്‍ അടിയന്തരമായി പരിശോധന നടത്തണമെന്നാവശ്യപ്പെട്ട് പട്ടം കോളനി പി.എച്ച്‌.സി മെഡിക്കല്‍ ഓഫിസര്‍ ഡോ. പ്രശാന്ത് നെടുങ്കണ്ടം ഭക്ഷ്യസുരക്ഷ ഓഫിസര്‍ക്ക് കത്ത് നല്‍കിയിരുന്നു. 

Related News