ഹേബിയസ് കോര്‍പസ് ഹര്‍ജിയില്‍ ജോയ്‌സ്‌നയെ ഹാജരാക്കാന്‍ ഹൈക്കോടതി ഉത്തരവ്

  • 17/04/2022

കോഴിക്കോട്:  ലൗ ജിഹാദ് ഉള്‍പ്പെടെ രാഷ്ട്രീയ നേതാക്കളുടെ പ്രസ്താവനയെത്തുടര്‍ന്ന വിവാദത്തിലായ കോടഞ്ചേരിയിലെ മിശ്രവിവാഹം വീണ്ടും ചര്‍ച്ചയാവുന്നു. വധു ജോയ്‌സ്‌നയെ ചൊവ്വാഴ്ച കോടതിയില്‍ ഹാജരാക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടു. 

ജോയ്‌സ്‌നയുടെ പിതാവ് സമര്‍പ്പിച്ച ഹേബിയസ് കോര്‍പസ് ഹര്‍ജിയിലാണ് ഹൈക്കോടതി നിര്‍ദേശം. മകള്‍ ചതിക്കപ്പെട്ടതാണെന്നും കേന്ദ്ര ഏജന്‍സി അന്വേഷിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു.

ഇതിനിടെ ജോയ്‌സ്‌ന ഈസ്റ്റര്‍ ദിനത്തില്‍ പള്ളിയില്‍ പ്രാര്‍ഥിക്കുന്ന ഫോട്ടോ ഭര്‍ത്താവ് ഷെജിന്‍ ഫെയ്‌സ്ബുക്കില്‍ പങ്കുവച്ചു. നന്മയുടേയും സ്‌നേഹത്തിന്റേയും ഈസ്റ്റര്‍ ആശംസകള്‍ എന്ന തലക്കെട്ടോടെയാണ് ഫെയ്‌സ്ബുക്ക് പോസ്റ്റ്.ലവ് ജിഹാദ് വിവാദം തള്ളി ഇരുവരും രംഗത്തെത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഉയരുന്ന ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും അനാവശ്യ വിവാദമുണ്ടാക്കുകയാണെന്ന് ഷെജിന്‍ പറഞ്ഞിരുന്നു. 

അതേസമയം, സ്വന്തം ഇഷ്ടത്തിന് ഷെജിന്റെ കൂടി ഇറങ്ങിവന്നതെന്ന് ജോയ്സ്ന പറഞ്ഞു. വിവാദം വേദനിപ്പിച്ചുവെന്നും ഇഷ്ടപ്പെട്ട വ്യക്തിയുടെ കൂടെ ജീവിക്കാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്നും ജോയ്സ്ന പറഞ്ഞു.സാധാരണ സിപിഎം ഇരുമതസ്ഥര്‍ തമ്മിലുള്ള വിവാഹം പോസിറ്റീവ് ആയി കാണാറുണ്ട്. ജോര്‍ജ് എം.തോമസിനെതിരെ നടപടി വേണമെന്ന് അഭിപ്രായമില്ല. രണ്ടുദിവസം താന്‍ വിളിക്കാതിരുന്നതു മൂലമുള്ള ആശയക്കുഴപ്പമാവാമെന്നും ഷെജിന്‍ വ്യക്തമാക്കി. താമരശേരി കോടതിയില്‍ ഹാജരായ ജോയ്സ്ന ഷെജിനൊപ്പം ജീവിക്കാനാണ് താത്പര്യമെന്ന് അറിയിച്ചതിനു പിന്നാലെ ഷെജിനൊപ്പം പോകാന്‍ കോടതി അനുവദിച്ചിരുന്നു.

Related News