ഗുജറാത്തിന് പിന്നാലെ ഹിമാചലിലും ഭഗവത്ഗീത പാഠ്യവിഷയമാക്കുന്നു

  • 17/04/2022

ഷിംല: ഗുജറാത്തിന് പിന്നാലെ ഹിമാചല്‍ പ്രദേശിലും ഭഗവത്ഗീത പാഠ്യവിഷയമാക്കാനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍. ഭഗവത് ഗീതയടക്കമുള്ള കാര്യങ്ങള്‍ പാഠ്യപദ്ധതിയിലുള്‍പ്പെടുത്താനാണ് ഹിമാചല്‍ പ്രദേശ് സ്‌കൂള്‍ എഡ്യുക്കേഷന്‍ ബോര്‍ഡ് (എച്ച്.പി.എസ്.ഇ.ബി) ഒരുങ്ങുന്നത്.

ഇതിന്റെ ഭാഗമായി മൂന്നാം ക്ലാസ് മുതല്‍ വിദ്യാര്‍ത്ഥികളെ സംസ്‌കൃതവും ആറാം ക്ലാസ് മുതലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് വേദഗണിതവും (വേദിക് മാത്തമാറ്റിക്സ്) പഠിപ്പിക്കാനാണ് എച്ച്.പി.എസ്.ഇ.ബി ഒരുങ്ങുന്നത്.

പ്ലസ് വണ്‍, പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ നിര്‍ബന്ധമായും ഭഗവത് ഗീത ഒരു വിഷയമായി പഠിക്കണമെന്നും എച്ച്.പി.എസ്.ഇ.ബി നിഷ്‌കര്‍ഷിക്കുന്നുണ്ട്. സയന്‍സ് അടക്കമുള്ള സ്ട്രീമുകളിലെ വിദ്യാര്‍ത്ഥികളാണ് ഭഗവത് ഗീത പഠിക്കേണ്ടി വരുന്നത്.

എന്നാല്‍ എച്ച്.പി.എസ്.ഇ.ബിയുടെ നീക്കത്തിനെതിരെ വ്യാപക വിമര്‍ശനങ്ങളും ഉയര്‍ന്നുവരുന്നുണ്ട്. ശാസ്ത്രവും സാങ്കേതികവുമായ കാര്യങ്ങള്‍ പഠിപ്പിക്കേണ്ട പ്രായത്തില്‍ വിദ്യാര്‍ത്ഥികളെ കാവിവത്കരിക്കുന്നു എന്ന വിമര്‍ശനമാണ് പ്രധാനമായും ഉയര്‍ന്നുവരുന്നത്.

എന്നാല്‍ ഇത്തരം സംഭവങ്ങള്‍ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നതുകൊണ്ട് യാതൊരു തരത്തിലുള്ള പ്രശ്നവും താന്‍ കാണുന്നില്ലെന്നായിരുന്നു ഹിമാചല്‍ പ്രദേശ് വിദ്യാഭ്യാസ മന്ത്രി ഗോവിന്ദ് താക്കൂര്‍ പറഞ്ഞത്. വിദ്യാര്‍ത്ഥികളെ തങ്ങളുടെ സംസ്‌കാരത്തെ കുറിച്ച് ബോധവാന്‍മാരാക്കാനാണ് ഇതിലൂടെ ശ്രമിക്കുന്നതെന്നായിരുന്നു താക്കൂറിന്റെ വിശദീകരണം.

Related News