ഭാര്യയുമായി വാട്സാപ്പ് ചാറ്റ്; യുവാവിനെ വീട്ടിലേക്ക് വിളിച്ചുവരുത്തി പൂട്ടിയിട്ടു, മോചിപ്പിക്കാന്‍ ആവശ്യപ്പെട്ടത് ഒരു ലക്ഷം രൂപ

  • 17/04/2022

തിരുവനന്തപുരം:  യുവാവിനെ വീട്ടിലേക്ക് വിളിച്ചുവരുത്തി പൂട്ടിയിട്ട് പണം തട്ടാന്‍ ശ്രമിച്ച സംഭവത്തില്‍ ഒരാള്‍ പിടിയില്‍. അടിമലത്തുറ പുറംമ്പോക്ക് പുരയിടത്തില്‍ സോണി (18) ആണ് വിഴിഞ്ഞം പോലീസിന്റെ പിടിയിലായത്. വിഴിഞ്ഞം കല്ലുവെട്ടാന്‍ കുഴി സ്വദേശിയായ ഇരുപതുകാരനാണ് തട്ടിപ്പിനിരയായത്.

വീട്ടിൽ എത്തിയ യുവാവിനെ പ്രതികൾ രണ്ടു ദിവസമാണ് പൂട്ടിയിട്ടത്.  ഒരു മൊബൈൽ ഷോപ്പിൽ ജോലി ചെയ്തിരുന്ന യുവാവ് ഷോപ്പിൽ വന്ന അടിമലത്തുറ സ്വദേശിയായ യുവതിയെ പരിചയപ്പെട്ടു. തുടര്‍ന്ന് നമ്പർ വാങ്ങി വാട്ട്സാപ്പിൽ സന്ദേശങ്ങൾ അയച്ചിരുന്നു. ഇതിനിടെ ഭർത്താവുമായി പിണങ്ങിയ യുവതി സ്വന്തം വീട്ടിലേക്ക് പോയി. 

ഭാര്യയുടെ മൊബൈലിൽ വന്നിരുന്ന സന്ദേശങ്ങള്‍ തപ്പിയെടുത്ത ഭർത്താവ് കല്ലുവെട്ടാൻ കുഴി സ്വദേശിയുമായി യുവതിയെന്ന വ്യാജേനെ ചാറ്റിംഗ് നടത്തുകയായിരുന്നു. തുടര്‍ന്ന് യുവാവിനെ വീട്ടിലേക്ക് ക്ഷണിച്ചു. വീട്ടിൽ എത്തിയ യുവാവിനെ പ്രതികൾ രണ്ടു ദിവസം മുറിക്കുള്ളിൽ പൂട്ടിയിട്ടു. വിട്ടയക്കാനായി യുവാവിന്റെ കാറും ഒരു ലക്ഷം രൂപയും ആവശ്യപ്പെട്ടു. 

അഡ്വാൻസായി പതിനായിരം രൂപ നൽകിയ യുവാവ് ബാക്കി പണം കഴക്കൂട്ടത്തുള്ള സുഹൃത്തുക്കളിൽ നിന്ന്  വാങ്ങി നൽകാമെന്ന് ഉറപ്പു നൽകി. ഇതനുസരിച്ച് യുവാവും യുവതിയുടെ ഭർത്താവും പിടിയിലായ പ്രതിയും മറ്റൊരാളുമായി കാറിൽ കഴക്കൂട്ടത്തേക്ക് തിരിച്ചു. യാത്രക്കിടയിൽ വിഴിഞ്ഞം പോലീസ് സ്റ്റേഷന് സമീപം കാർ നിർത്തിയ യുവാവ് സ്റ്റേഷനി ലേക്ക് ഓടിക്കയറി. ഇതു കണ്ട പ്രതികൾ രക്ഷപ്പെട്ടു. 

യുവാവിന്റെ പരാതി സ്വീകരിച്ച വിഴിഞ്ഞം പോലീസിന്റെ അന്വേഷണത്തിലാണ് ശനിയാഴ്ച ഉച്ചയോടെ ഒരാൾ പിടിയിലായത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തതായും മറ്റ് രണ്ടു പേർക്കായുള്ള അന്വേഷണം തുടരുന്നതായും വിഴിഞ്ഞം പോലീസ് അറിയിച്ചു.

Related News