സര്‍വകക്ഷി യോഗം ഇന്ന്

  • 17/04/2022

പാലക്കാട്: 24 മണിക്കൂറിനിടെ രണ്ട് കൊലപാതകള്‍ നടന്ന പാലക്കാട്ട് സമാധാനം ഉറപ്പുവരുത്തുന്നതിനായി ഇന്ന് സര്‍വകക്ഷിയോഗം ചേരും. വൈകീട്ട് മൂന്നരയ്ക്ക് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ മന്ത്രി കെ. കൃഷ്ണന്‍കുട്ടിയുടെ അധ്യക്ഷതയിലാണ് യോഗം.എല്ലാ അംഗീകൃത രാഷ്ട്രീയപ്പാര്‍ട്ടികളോടും യോഗത്തില്‍ പങ്കെടുക്കാന്‍ അഭ്യര്‍ഥിച്ചതായി മന്ത്രി കെ. കൃഷ്ണന്‍കുട്ടി പറഞ്ഞു. അക്രമങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനും സൈ്വരജീവിതം ഉറപ്പാക്കാനും പോലീസ് ശക്തമായ നടപടികളെടുക്കണം. 

സമാധാനശ്രമങ്ങള്‍ക്കുള്ള പിന്തുണയെന്ന നിലയില്‍ സര്‍വകക്ഷിയോഗത്തില്‍ പങ്കെടുക്കുമെന്ന് ബി.ജെ.പി. ജില്ലാ പ്രസിഡന്റ് കെ.എം. ഹരിദാസ് പറഞ്ഞു. ഔദ്യോഗികക്ഷണം കിട്ടിയാല്‍ യോഗത്തില്‍ പങ്കെടുക്കുമെന്ന് എസ്.ഡി.പി.ഐ. ജില്ലാ പ്രസിഡന്റ് ഷഹീര്‍ ചാലിപ്പുറം പ്രതികരിച്ചു.

അതേസമയം സുബൈര്‍ കൊലക്കേസും ശ്രീനിവാസന്‍ കൊലക്കേസും ആസൂത്രിതമെന്ന് അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കുന്ന എ.ഡി.ജി.പി. വിജയ് സാഖറേ പറഞ്ഞു. പാലക്കാട്ട് നടന്ന ഉന്നതതല യോഗത്തിനുശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. രണ്ട് സംഭവങ്ങള്‍ക്കുപിന്നിലും ഗൂഢാലോചനയുണ്ടെന്നും ഇതിന്റെ സൂത്രധാരന്മാരെ കണ്ടെത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ജില്ലാ പോലീസ് മേധാവി ആര്‍. വിശ്വനാഥിന്റെ കീഴില്‍ രണ്ട് ഡിവൈ.എസ്.പി.മാരുടെ നേതൃത്വത്തിലാണ് അന്വേഷണം. സുബൈര്‍ കൊലക്കേസ് അന്വേഷണത്തിന് ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി. എസ്. ഷംസുദ്ദീനും ശ്രീനിവാസന്‍ കൊലക്കേസന്വേഷിക്കാന്‍ നര്‍കോട്ടിക് സെല്‍ ഡിവൈ.എസ്.പി. എം. അനില്‍കുമാറും നേതൃത്വം നല്‍കും.എസ്. ഷംസുദ്ദീന്റെ കീഴില്‍ കസബ, ഹേമാംബികനഗര്‍, നെന്മാറ, ചെര്‍പ്പുളശ്ശേരി, കൊഴിഞ്ഞാന്പാറ പോലീസ് സ്റ്റേഷനുകളിലെ സി.ഐ.മാരും എസ്.ഐ.മാരും അടങ്ങുന്ന അഞ്ച് സംഘങ്ങളും എം. അനില്‍കുമാറിന്റെ കീഴില്‍ നാല് സംഘങ്ങളുമാണുള്ളത്.

Related News