സര്‍വകക്ഷി യോഗം ബഹിഷ്‌കരിച്ച ബി.ജെ.പിക്കെതിരേ മന്ത്രിയുടെ വിമര്‍ശനം

  • 18/04/2022

പാലക്കാട്: കേരളക്കരയെ നടുക്കിയ ഇരട്ടക്കൊലപാതകത്തെ തുടര്‍ന്ന് വിളിച്ച സര്‍വ്വകക്ഷിയോഗത്തിനു ശേഷം ബി.ജെ.പിയെ വിമര്‍ശിച്ച് മന്ത്രി കെ കൃഷ്ണന്‍ കുട്ടി. ബിജെപി യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോകാന്‍ തീരുമാനിച്ചതാണെന്ന് അദ്ദേഹം പറഞ്ഞു. സമൂഹത്തിന്റെ പൊതു അഭിപ്രായം ചര്‍ച്ച ചെയ്തു. ഇനിയും ചര്‍ച്ച സംഘടിപ്പിക്കും. യോഗത്തില്‍ തര്‍ക്കം ഉണ്ടായിട്ടില്ലെന്നും മന്ത്രി പറഞ്ഞു.

സമാധാന ശ്രമങ്ങളുമായി സഹകരിക്കുമെന്നാണ് സര്‍വ്വകക്ഷിയോഗത്തിന് ശേഷം എസ്ഡിപിഐ പ്രതികരിച്ചത്. ബിജെപി നിലപാട് സമാധാന ശ്രമങ്ങള്‍ക്ക് തടസം നില്‍ക്കുന്നതായും അവര്‍ പറഞ്ഞു. സര്‍വകക്ഷി യോഗത്തില്‍ മൂപ്പിളമ തര്‍ക്കമെന്നാണ് ബിജെപി ആരോപിച്ചതും യോഗം ബഹിഷ്‌കരിച്ചതും. മന്ത്രിയെ ആര് ഉപദേശിക്കണമെന്നതിനെ ചൊല്ലി മന്ത്രിയും മുന്‍ എംപിയും നിലവിലെ എംപിയും തമ്മില്‍ തര്‍ക്കമാണ്. പൊലീസ് നിഷ്‌ക്രിയരായി നോക്കി നില്‍ക്കുന്നു. പൊലീസിന്റെ പല നടപടികളിലും തങ്ങള്‍ക്ക് സംശയമുണ്ട്. സഞ്ജിതിന്റെ വിധവയെ അര്‍ദ്ധരാത്രിയില്‍ അടക്കം പോയി ചോദ്യം ചെയ്തു പോലീസ് ബുദ്ധിമുട്ടിക്കുകയാണ്. ബിജെപി സമാധാന ശ്രമങ്ങള്‍ക്ക് എതിരല്ലെന്നും നേതാക്കള്‍ പറഞ്ഞു.

പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകന്‍ സുബൈറിന്റെ കൊലപാതകത്തില്‍ മൂന്ന് പേര്‍ കസ്റ്റഡിയിലുണ്ടെന്ന് പാലക്കാട് എസ്പി പറഞ്ഞു. കൊലപാതകം പുറത്തുനിന്നുള്ളവര്‍ വന്നു ചെയ്തു പോയതാണ്. കൂടുതല്‍ വിവരങ്ങള്‍ പുറത്തു വിടാനാകില്ല. തിരിച്ചറിയല്‍ പരേഡ് അടക്കം നടക്കാനുണ്ട്. ശ്രീനിവാസന്‍ വധക്കേസില്‍ ചിലരെ തിരിച്ചറിഞ്ഞിട്ടുണ്ട് , ആരെയും കസ്റ്റഡിയില്‍ എടുത്തില്ല. സുബൈര്‍ വധക്കേസില്‍ കസ്റ്റഡിയില്‍ ഉള്ളവര്‍ നേരിട്ട് കൃത്യത്തില്‍ പങ്കെടുത്തവരെന്നു സംശയമുണ്ട്. ഉറപ്പാക്കിയ ശേഷം ഉടന്‍ വിവരങ്ങള്‍ അറിയിക്കാമെന്നും എസ്പി പറഞ്ഞു.

Related News