സമ്മേളനത്തിലെ വാടക കാര്‍ വിവാദം; ആരോപണത്തില്‍ കഴമ്പില്ലെന്ന് സി.പി.എം

  • 18/04/2022


കണ്ണൂര്‍: പാര്‍ട്ടി കോണ്‍ഗ്രസില്‍ സീതാറാം യെച്ചൂരി സഞ്ചരിച്ചത് ക്രിമിനല്‍ കേസ് പ്രതിയുടെ വാഹനത്തിലെന്ന ബി.ജെ.പിയുടെ ആരോപണത്തില്‍ കഴമ്പില്ലെന്ന് സി.പി.എം. ഗഘ 18 അആ 5000 എന്ന ഇന്നോവ കാറിന്റെ ഉടമ സിദ്ധിഖ് പത്തോളം ക്രിമിനല്‍ കേസിലെ പ്രതിയാണ്. സിദ്ദിഖ് പകല്‍ മുസ്ലീം ലീഗിന്റെയും രാത്രി എസ്ഡിപിഐയുടെയും പ്രവര്‍ത്തകനാണെന്ന് ബി.ജെ.പി ജില്ലാ നേതാക്കള്‍ പറഞ്ഞു.

സി പി എം - എസ് ഡി പി ഐ കൊടുക്കല്‍ വാങ്ങലിന്റെ തെളിവാണ് വാഹനം നല്‍കിയ സംഭവം. സി പി എം കോഴിക്കോട് ജില്ലാ സെക്രട്ടറി പി.മോഹനന്‍ മാസ്റ്റര്‍ വഴിയാണ് വാഹനം ഏര്‍പ്പാട് ചെയ്തതെന്നും കണ്ണൂര്‍ ജില്ല പ്രസിഡന്റ് എന്‍. ഹരിദാസ് ആരോപിച്ചു. 

എന്നാല്‍, താന്‍ ആര്‍ക്കും കാര്‍ വാടകയ്ക്ക് എടുത്ത് നല്‍കിയിട്ടില്ല എന്ന് പി മോഹനന്‍ പ്രതികരിച്ചു. ബിജെപി കണ്ണൂര്‍ ജില്ലാ അധ്യക്ഷന്റെ ആരോപണത്തെക്കുറിച്ച് അറിയില്ല. യെച്ചൂരിക്ക് കാര്‍ ഏര്‍പ്പാടാക്കിയത് താനല്ല. കണ്ണൂര്‍ ജില്ലാ നേതൃത്വമാണ് വാഹനം ഒരുക്കിയത്. ചുണ്ടേല്‍ സിദ്ദിഖിനെ അറിയില്ല എന്നും പി മോഹനന്‍ പറഞ്ഞു.

ബിജെപിയുടേത് അപവാദ പ്രചാരണം മാത്രമെന്ന് എം വി ജയരാജന്‍ പ്രതികരിച്ചു. പാര്‍ട്ടി കോണ്‍ഗ്രസിലേക്ക് 58 വാഹനം ആകെ വാടകയ്‌ക്കെടുത്തു. വാഹനം നല്‍കിയവരുടെ രാഷ്ട്രീയം നോക്കിയിട്ടില്ല. കുറഞ്ഞ പണത്തിന് വാഹനം നല്‍കിയവരെയാണ് തെരഞ്ഞെടുത്തത്. ബിജെപിയുടെ ആരോപണം പരിഹാസ്യവും നീചവുമാണ്. മോഹനന്‍ മാസ്റ്റര്‍ക്ക് ഇതുമായി ബന്ധമില്ല. കാലിക്കറ്റ് ടൂര്‍സ് ആന്റ ട്രാവല്‍സ് വഴിയാണ് വാഹനം വാങ്ങിയത്.സീതാറാം യെച്ചൂരി സ്ഥിരമായി ഉപയോഗിച്ചത് മറ്റൊരു വാഹനമാണ്. അത് ഗഘ 13 അഞ 2707 എന്ന വാഹനമാണ്. 

യെച്ചൂരി ഉപയോഗിച്ച അതേ വാഹനമാണ് നേരത്തെ ഏഴിമലയില്‍ രാഷ്ട്രപതി എത്തിയപ്പോള്‍ അകമ്പടി വാഹനമായി ഉപയോഗിച്ചത്. നിരവധി കേണല്‍ മാര്‍ എത്തിയതും ഇതേ വാഹനത്തിലാണ്. വിമാനത്താവളത്തില്‍ നിന്ന് വന്നതാണ് ആരോപണം ഉന്നയിക്കുന്ന വാഹനം. വാഹന ഉടമയും ഡ്രൈവറും പ്രതിനിധി സമ്മേളനത്തില്‍ വന്നില്ല. സിദ്ദിഖ് ആരാണെന്ന് പോലും അറിയില്ല. എസ് ഡി പി ഐയും സി പി എമ്മും തമ്മില്‍ ബന്ധമെന്ന് ആരെങ്കിലും പറയുമോ. നിരവധി സിപിഎം പ്രവര്‍ത്തകരെയാണ് എസ്ഡിപിഐ കൊന്നത്. അവരുമായി എങ്ങനെ കൂട്ട് കൂടാനാണെന്നും എം വി ജയരാജന്‍ ചോദിച്ചു



Related News