ഡേറ്റിങ് ആപ്പിലൂടെ പരിചയപ്പെട്ട മലയാളി യുവതിയുടെ 10 ലക്ഷം രൂപ തട്ടിയെടുത്തു; കൂടുതല്‍ പണം കൈക്കലാക്കാന്‍ ശ്രമിക്കുന്നതിനിടെ നൈജീരിയക്കാരന്‍ പിടിയില്‍

  • 18/04/2022

ആലപ്പുഴ: ഓൺലൈൻ ഡേറ്റിങ് ആപ്പിലൂടെ പരിചയപ്പെട്ട മലയാളി യുവതിയില്‍ നിന്ന്   10 ലക്ഷം രൂപ തട്ടിയെടുത്ത നൈജീരിയൻ പൗരൻ പിടിയിൽ. ആലപ്പുഴ സ്വദേശിനിയിൽ നിന്ന് പണം തട്ടിയെടുത്ത എനുക അരിൻസി ഇഫെന്ന (34) യാണ് ആലപ്പുഴ സൈബർ ക്രൈം പൊലീസിന്റെ പിടിയിലായത്. ശനിയാഴ്‍ച ഉത്തർപ്രദേശിലെ ​ഗ്രേറ്റർ നോയിഡയിൽനിന്നാണ് ഇയാളെ അറസ്‌റ്റ്‌ ചെയ്‌തത്. 

മുന്‍പ് വിദേശത്തു ജോലിചെയ്തിരുന്ന യുവതിയുമായി ഇയാള്‍ ഡേറ്റിങ് ആപ്പായ ക്വാക്ക് ക്വാക്കിലൂടെയാണ് പരിചയപ്പെട്ടത്. അമേരിക്കയില്‍ പൈലറ്റാണെന്നും ഇന്ത്യക്കാരിയായ യുവതിയെ വിവാഹം കഴിക്കാന്‍ താത്പര്യമുണ്ടെന്നും വിശ്വസിപ്പിച്ചു. വാട്‍സ്‌ ആപ്പിലൂടെ നിരന്തരം ചാറ്റ്ചെയ്‍ത് സൗഹൃദം സ്ഥാപിച്ചു. പല ആവശ്യങ്ങള്‍ക്കായി ഇന്ത്യന്‍ രൂപ ആവശ്യമുണ്ടെന്നുപറഞ്ഞാണ് പലപ്പോഴായി പത്തുലക്ഷം രൂപ തട്ടിയെടുത്തത്. ഇന്ത്യയിലെത്തിയിട്ടുണ്ടെന്നും യുവതിക്കൊരു സമ്മാനും കൊണ്ടുവന്നിട്ടുണ്ടെന്നും ഇയാള്‍ വിളിച്ച് അറിയിച്ചു.  വിമാനത്താവളത്തില്‍ കൊണ്ടുവന്ന സമ്മാനപ്പൊതി തടഞ്ഞുവെച്ചിരിക്കുകയാണെന്നും അതു വിട്ടുകിട്ടാനായി പണം വേണമെന്നും ആവശ്യപ്പെട്ടു. അതിനായി 11 ലക്ഷം രൂപയെടുക്കാന്‍ യുവതി ബാങ്കിലെത്തിയപ്പോള്‍ അധികൃതര്‍ക്കു സംശയം തോന്നി.

യുവതിയില്‍നിന്ന് വിവരങ്ങള്‍ ചോദിച്ചശേഷം ബാങ്ക് അധികൃതര്‍ വിമാനത്താവള അധികൃതരുമായി ബന്ധപ്പെട്ടു. അപ്പോള്‍ അങ്ങനെയൊരു തടഞ്ഞുവെക്കലില്ലെന്നും നൈജീരിയന്‍ യുവാവ് എത്തിയിട്ടില്ലെന്നും മറുപടി ലഭിച്ചു. ഇതേത്തുടര്‍ന്ന് ബാങ്ക് അധികൃതര്‍ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു.

ജില്ലാ പൊലീസ് മേധാവി ജി ജയ്ദേവ് സൈബർ സിഐ എം കെ രാജേഷിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘത്തിന് രൂപംനൽകി. പ്രതിയുമായുള്ള ചാറ്റ് മുന്‍നിര്‍ത്തിയായിരുന്നു അന്വേഷണം നടത്തിയത്. പണം നിക്ഷേപിച്ച അക്കൗണ്ട് വിവരങ്ങളും ചാറ്റ് ചെയ്‌ത ഫോൺ ലൊക്കേഷനും പരിശോധിച്ചപ്പോഴാണ് നോയിഡയാണ് കേന്ദ്രമെന്ന് വ്യക്തമായത്. അക്കൗണ്ട് ലൈവായി നിലനിര്‍ത്തി സൈബര്‍സംഘം ഇയാളെ പിന്തുടര്‍ന്നപ്പോഴാണ് നോയിഡയിലാണെന്നു തിരിച്ചറിഞ്ഞത്. തുടർന്ന് അന്വേഷണസംഘം നോയിഡയിൽ താമസിച്ച് അന്വേഷണമാരംഭിച്ചു. 

നിരവധി ഫോൺവിളി വിവരങ്ങളും സിം കാർഡ് വിലാസങ്ങളും പരിശോധിച്ചാണ് പ്രതിയിലേക്കെത്തിയത്. പോലീസ് സാന്നിധ്യം മനസിലാക്കിയ പ്രതി താമസിച്ചിരുന്ന ഫ്ലാറ്റിൽനിന്ന് പുറത്തുചാടി ഓടി രക്ഷപെടാൻ ശ്രമിച്ചെങ്കിലും പോലീസ് പിന്തുടർന്ന് പിടികൂടി.

ജില്ലാ പോലീസ് മേധാവി ജി. ജയ്‌ദേവ് ഉടന്‍ സൈബര്‍ സി.ഐ. എം.കെ. രാജേഷ്, എസ്.ഐ. മോഹന്‍കുമാര്‍, എ.എസ്.ഐ. ശരത്ചന്ദ്രന്‍, സി.പി.ഒ.മാരായ ബിജു, സതീഷ് ബാബു, അരുണ്‍കുമാര്‍, സിദ്ദിക്ക് ഉള്‍ അക്ബര്‍ എന്നിവരടങ്ങുന്ന പ്രത്യേക സംഘത്തെ അന്വേഷണത്തിനു നിയോഗിച്ചിരുന്നു. 

പ്രതിയുടെ ലാപ്‌ടോപ്പും മൊബൈല്‍ ഫോണും അന്വേഷണസംഘം പരിശോധിച്ചുവരുകയാണ്. വിവിധ സംസ്ഥാനങ്ങളിലായി കോടിക്കണക്കിനു രൂപയുടെ തട്ടിപ്പ് നൈജീരിയന്‍സംഘം ഉള്‍പ്പെടുന്ന റാക്കറ്റ് നടത്തിയിട്ടുണ്ടെന്നാണ് വിവരം. എല്ലാ സംസ്ഥാനങ്ങളിലും ബന്ധമുള്ളതാണ് ഈ റാക്കറ്റ്.

Related News