ശ്രീനിവാസന്റെ കൊലയാളികള്‍ യാത്രതിരിച്ചത് സുബൈറിനെ പോസ്റ്റ്‌മോര്‍ട്ടം ചെയ്ത ആശുപത്രിയില്‍ നിന്ന്

  • 19/04/2022

പാലക്കാട്: പകൊല്ലപ്പെട്ട ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ശ്രീനിവാസന്റെ  കൊലയാളികള്‍ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകന്‍ സുബൈറിന്റെ പോസ്റ്റുമോര്‍ട്ടം സമയത്ത് ആശുപത്രിയില്‍ എത്തിയതിന്റെ തെളിവ് ലഭിച്ചു. ആശുപത്രിയില്‍ നിന്നുള്ള സിസിടിവി ദൃശ്യങ്ങളാണ് പൊലീസിന് ലഭിച്ചത്. 15 ആം തിയ്യതിയാണ് സുബൈര്‍ കൊല്ലപ്പെടുന്നത്. 16 ാം തിയ്യതി രാവിലെയാണ് പോസ്റ്റ്‌മോര്‍ട്ടം നടന്നത്. ഈ സമയത്ത് രാവിലെ ഒമ്പത് മണിയോടെയാണ് പ്രതികള്‍ ആശുപത്രി പരിസരത്ത് ഉണ്ടായിരുന്നത്. 

അതേ ദിവസം ഉച്ചക്ക് ഒരു മണിയോടെയാണ് ആര്‍ എസ് എസ് പ്രവര്‍ത്തകന്‍ ശ്രീനിവാസന്റെ കൊലപാതകം ഉണ്ടായത്. ആശുപത്രിയില്‍ നിന്നാണ് പ്രതികള്‍ ശ്രീനിവാസനെ കൊലപ്പെടുത്താനായി പോയതെന്നാണ് ദൃശ്യങ്ങളില്‍ നിന്നും വ്യക്തമാകുന്നത്.ആശുപത്രിയിലെ സിസിടിവി ദൃശ്യങ്ങള്‍ പൂര്‍ണമായും പൊലീസ് ശേഖരിച്ചിട്ടുണ്ട്. 

പ്രതികള്‍ അവരുടെ മൊബൈല്‍ ഫോണുകള്‍ പലയിടത്തായി ഉപേക്ഷിച്ചതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. കൃത്യത്തിനു ശേഷം പ്രതികള്‍ രക്ഷപ്പെടുന്ന സിസിടിവി ദൃശ്യങ്ങളും പൊലീസിന് ലഭിച്ചു.അതിനിടെ ശ്രീനിവാസന്‍ കൊലപാതകത്തില്‍ പൊലീസിനെതിരെ ബിജെപി രംഗത്തെത്തി. അന്വേഷണം തൃപ്തികരമല്ലെന്നും ശ്രീനിവാസന്‍ കൊലക്കേസിലെ പ്രതികളെ പിടിക്കുന്നതില്‍ പൊലീസ് അനാസ്ഥയുണ്ടെന്നും ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി സി. കൃഷ്ണകുമാര്‍ ആരോപിച്ചു. കൊലപാതകത്തില്‍ കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം വേണമെന്നും ആഭ്യന്തരമന്ത്രി അമിത് ഷാ കേരളത്തിലെത്തുമ്പോള്‍ ഇക്കാര്യം ആവശ്യപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേ സമയം, പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകന്‍ സുബൈര്‍ വധക്കേസില്‍ കസ്റ്റഡിയിലുള്ള മൂന്ന് പേരുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. ആര്‍എസ്എസ്, ബി ജെ പി പ്രവര്‍ത്തകരായ രമേശ്, അറുമുഖന്‍, ശരവണന്‍ എന്നിവരാണ് കസ്റ്റഡിയില്‍ ഉള്ളത്. ഇവരുടെ അറസ്റ്റാകും ഇന്ന് രേഖപ്പെടുത്തുക. കൃത്യത്തില്‍ നേരിട്ട് പങ്കാളികളായവരാണ് കസ്റ്റഡിയിലുള്ളവര്‍ എന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. ആര്‍ എസ് എസ് പ്രവര്‍ത്തകനായിരുന്ന സഞ്ജിത്തിനെ കൊലപ്പെടുത്തിയതിലുള്ളപ്രതികാരമാണ് സുബൈര്‍ വധത്തിനുപിന്നിലെന്നാണ് പ്രതികള്‍ മൊഴി നല്‍കിയിട്ടുള്ളത്. കേസില്‍ ഗൂഢാലോചന അടക്കമുള്ള കാര്യങ്ങളില്‍ നിര്‍ണായക വിവരങ്ങള്‍ ചോദ്യംചെയ്യലില്‍ ലഭിച്ചുവെന്നും അന്വേഷണസംഘം വ്യക്തമാക്കുന്നു.

Related News