ലൗ ജിഹാദ് പരാമര്‍ശം; ജോര്‍ജ്ജ് എം. തോമസിനെതിരേ നടപടി സ്വീകരിക്കാന്‍ സാധ്യത

  • 19/04/2022

കോഴിക്കോട്: പാര്‍ട്ടി രേഖയില്‍ ലൗ ജിഹാദ് പരാമര്‍ശിച്ചിട്ടുണ്ടെന്ന മുന്‍ എം.എല്‍.എയും കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റ് അംഗവുമായ ജോര്‍ജ്ജ് എം. തോമസിന്റെ പ്രസ്താവനയില്‍ നടപടിയെടുക്കാന്‍ സാധ്യത.  ജോര്‍ജ് എം. തോമസിനെതിരേ നടപടി ഉണ്ടാകുമോ എന്ന കാര്യം പാര്‍ട്ടി നേതൃത്വം തീരുമാനിക്കുമെന്ന് കോഴിക്കോട് ജില്ലാ സെക്രട്ടറി പി. മോഹനന്‍ മാസ്റ്റര്‍ പറഞ്ഞു. കോടഞ്ചേരി മിശ്രവിവാഹവുമായി ബന്ധപ്പെട്ടായിരുന്നു ജോര്‍ജ്ജ് എം. തോമസിന്റെ വിവാദ പ്രസ്താവന. 

പ്രായപൂര്‍ത്തിയായവര്‍ക്ക് വിവാഹം കഴിച്ച് ജീവിക്കുന്നതിനുള്ള നിയമപരമായ അവകാശം രാജ്യത്തുണ്ട്. കുടുംബങ്ങളുമായി ആലോചിച്ച് രമ്യമായ രീതിയില്‍ വിവാഹം നടത്തുന്നതിനുള്ള ആലോചന ആദ്യംതന്നെ നടത്തേണ്ടതായിരുന്നു. മിശ്രവിവാഹവുമായി ബന്ധപ്പെട്ട് ലൗ ജിഹാദ് ഉണ്ട് എന്ന തരത്തില്‍ ജോര്‍ജ് എം. തോമസ് നടത്തിയ പ്രസ്താവന പാര്‍ട്ടി തള്ളിപ്പറഞ്ഞതാണ്. അദ്ദേഹം പറഞ്ഞത് പാര്‍ട്ടിയുടെ നിലപാടല്ലെന്ന് വ്യക്തമാക്കിയിരുന്നതാണെന്നും പി. മോഹനന്‍ പറഞ്ഞു.

തിങ്കളാഴ്ച ചേര്‍ന്ന കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റ് മിശ്രവിവാഹവുമായി ബന്ധപ്പെട്ട വിഷയം ചര്‍ച്ചചെയ്തിരുന്നു. ജോര്‍ജ് എം തോമസിനെതിരേ നടപടി വേണോ എന്ന കാര്യത്തില്‍ സംസ്ഥാന നേതൃത്വത്തിന്റെ അഭിപ്രായം തേടാനാണ് ജില്ലാ സെക്രട്ടേറിയറ്റിന്റെ തീരുമാനം. ഇക്കാര്യത്തില്‍ ഇന്ന് സംസ്ഥാന നേതൃത്വത്തിന്റെ നിലപാട് അറിയിച്ചേക്കും.

Related News