ദിലീപിന് തിരിച്ചടി; വധഗൂഢാലോചന കേസില്‍ അന്വേഷണം തുടരാം

  • 19/04/2022

കൊച്ചി: അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയതിന് നടന്‍ ദിലീപിനെതിരേ രജിസ്റ്റര്‍ ചെയ്ത കേസിലെ അന്വേഷണവുമായി കേരളാ പൊലീസിന് മുന്നോട്ട് പോകാമെന്ന് ഹൈക്കോടതി. കേസിലെ എഫ്‌ഐആര്‍ റദ്ദാക്കണമെന്ന ദിലീപിന്റെ ഹര്‍ജി ഹൈക്കോടതി തള്ളി. 

കേസ് വ്യാജമാണെന്നും, ഒരു വീട്ടിലിരുന്ന് സംസാരിച്ചാല്‍ അത് വധഗൂഢാലോചനയാകില്ലെന്നും തന്നെ വേട്ടയാടാനായി കെട്ടിച്ചമച്ച കേസാണെന്നും പറഞ്ഞാണ് ദിലീപ് ഹൈക്കോടതിയെ സമീപിച്ചത്. എന്നാല്‍ കേസിന്റെ മെറിറ്റിലേക്ക് കടക്കാന്‍ വിസമ്മതിച്ച ഹൈക്കോടതി, കേസിലെ എഫ്‌ഐആര്‍ റദ്ദാക്കില്ലെന്നും വ്യക്തമാക്കി.

ദിലീപും സഹോദരന്‍ അനൂപും അടക്കം ആറ് പ്രതികളാണ് കേസിലുള്ളത്. ജസ്റ്റിസ് സിയാദ് റഹ്മാന്റേതാണ് വിധി.നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ദിലീപും ബന്ധുക്കളും 'പദ്മസരോവരം' എന്ന വീട്ടിലിരുന്ന് ഗൂഡാലോചന നടത്തിയെന്ന കേസിനെ കേന്ദ്രീകരിച്ചാണ് നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണവും നടക്കുന്നത്. 

സംവിധായകന്‍ ബാലചന്ദ്രകുമാറാണ് ഇത്തരത്തില്‍ ഒരു ഗൂഢാലോചന നടന്നുവെന്ന് നാല് വര്‍ഷത്തിന് ശേഷം ഒരു മാധ്യമത്തിലൂടെ തുറന്നുപറഞ്ഞത്.അതുകൊണ്ട് തന്നെ ഈ കേസിന്റെ ഭാവി നടിയെ ആക്രമിച്ച കേസിന്റെ തുടരന്വേഷണത്തിലും പ്രധാനപ്പെട്ടതാണ്. കേസ് റദ്ദാക്കുന്നില്ലെങ്കില്‍ അന്വേഷണം സിബിഐയ്ക്ക് വിടണമെന്ന ആവശ്യവും ദിലീപ് ഉന്നയിച്ചിട്ടുണ്ട്. ഇതെല്ലാം കോടതി തള്ളിക്കളയുകയാണ്.ഇതിനിടെ നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ സഹോദരനയേും സഹോദരി ഭര്‍ത്താവിനെയും ക്രൈംബ്രാഞ്ച് ഇന്ന് ചോദ്യം ചെയ്യുകയാണ്.

Related News