ആര്‍.എസ്.എസും എസ്.ഡി.പി.ഐയും കരേളത്തില്‍ കലാപം സൃഷ്ടിക്കാന്‍ ശ്രമിക്കുന്നു: കോടിയേരി

  • 19/04/2022

തിരുവനന്തപുരം: ആര്‍.എസ്.എസും എസ്.ഡി.പി.ഐയും കേരളത്തില്‍ വര്‍ഗീയ കലാപങ്ങള്‍ സൃഷ്ടിക്കാനുള്ള ശ്രമമാണ് നടത്തുന്നതെന്ന് സി.പി.എം സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. രാജ്യത്ത് നിലനില്‍ക്കുന്ന ഏത് നിയമം ഉപയോഗിച്ചും കലാപകാരികളെ അടിച്ചമര്‍ത്തണമെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

വര്‍ഗീയപരമായ ധ്രുവീകരണം സൃഷ്ടിച്ച് രാഷ്ട്രീയ നേട്ടമുണ്ടാക്കുക എന്നതാണ് ഇവരുടെ ലക്ഷ്യം. സംസ്ഥാനത്ത് നിലനില്‍ക്കുന്ന മതസൗഹാര്‍ദ അന്തരീക്ഷം തകര്‍ക്കാനുള്ള ഗൂഢാലോചനയാണ് ഇതിന്റെ പിന്നിലുള്ളത്. ഭൂരിപക്ഷ വര്‍ഗീയത ന്യൂനപക്ഷ വര്‍ഗീയതയെ ചൂണ്ടിക്കാണിച്ചും ന്യൂനപക്ഷ വര്‍ഗീയത ഭൂരിപക്ഷ വര്‍ഗീയതയെ ചൂണ്ടിക്കാണിച്ചും പരസ്പരം വളരാനുള്ള പരിശ്രമമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. 

ഇരു മതവിഭാഗങ്ങളിലും ഭീതി പരത്തി നിങ്ങളുടെ രക്ഷകന്‍മാര്‍ ഞങ്ങളാണ് എന്ന് സ്ഥാപിക്കാന്‍ ഓരോരുത്തരും പരിശ്രമിച്ചുകൊണ്ടിരിക്കുകയാണ്. ഇത് വര്‍ഗീയ ധ്രുവീകരണം സൃഷ്ടിക്കാനുള്ള ബോധപൂര്‍വമായ ശ്രമമാണ്. ആലപ്പുഴയിലും രണ്ട് മാസങ്ങള്‍ക്ക് മുന്‍പ് സമാനമായ സംഭവങ്ങളുണ്ടായി.കൊലപാതകം നടത്താനും മണിക്കൂറുകള്‍ക്കകം തിരിച്ചടി നല്‍കാനും ക്രിമിനല്‍ സംഘത്തെ വളര്‍ത്തുന്ന നടപടികളാണ് ഇരു വിഭാഗവും ചെയ്തുകൊണ്ടിരിക്കുന്നത്. ഇത് നാടിന്റെ സമാധാന ജീവിതത്തെ ഇല്ലാതാക്കും. മതത്തിന്റെ പേര് പറഞ്ഞാണ് ഇരു വര്‍ഗീയ ശക്തികളും തങ്ങളുടെ പിന്നില്‍ ജനങ്ങളെ അണിനിരത്താന്‍ ശ്രമിക്കുന്നത്. മതത്തെ ഉപയോഗിച്ച് രാഷ്ട്രീയ നേട്ടങ്ങളുണ്ടാക്കാനുള്ള രാഷ്ട്രീയ നാടകങ്ങളാണ് ഇവര്‍ നടത്തുന്നത്. അതുകൊണ്ട് തന്നെ യഥാര്‍ഥ മതവിശ്വാസികള്‍ ഇവര്‍ക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കണം.

കലാപകാരികളെ ജനങ്ങള്‍ ഒറ്റപ്പെടുത്തണം. ആര്‍.എസ്.എസും എസ്.ഡി.പി.ഐയും സര്‍ക്കാരിനെ കുറ്റപ്പെടുത്തുകയാണിപ്പോള്‍. സര്‍ക്കാരിനെതിരായ പ്രക്ഷോഭങ്ങളില്‍ ഇവര്‍ ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കുന്നതും കാണാം. സര്‍ക്കാരിനെ അസ്ഥിരപ്പെടുത്തുക എന്നതാണ് ഇരുകൂട്ടരുടെയും ലക്ഷ്യം. ആലപ്പുഴ സംഭവത്തില്‍ കലാപം സൃഷ്ടിക്കാനുള്ള ശ്രമം പോലീസ് ഇല്ലാതാക്കിയതാണെന്നും കോടിയേരി ചൂണ്ടിക്കാട്ടി.

Related News