പ്രാര്‍ത്ഥനാ ഗ്രൂപ്പ് വഴി പരിചയം; ഭാര്യ അറിയാതെ ജോയിന്റ് അക്കൗണ്ടില്‍നിന്ന് ഒന്നേകാല്‍ കോടി രൂപ കാമുകിയുടെ അക്കൗണ്ടിലേക്ക്, ഒടുവില്‍ കുടുങ്ങി

  • 19/04/2022

ആലപ്പുഴ: ഭാര്യ അറിയാതെ ജോയിന്റ് അക്കൗണ്ടില്‍നിന്ന് ഒന്നേകാല്‍ കോടി രൂപയോളം കാമുകിയുടെ അക്കൗണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്ത സംഭവത്തില്‍ ഭര്‍ത്താവും കാമുകിയും പിടിയില്‍. കോഴിക്കോട് കോടഞ്ചേരി വേളംകോട് സ്വദേശി സിജു കെ. ജോസി(52)നെയും കാമുകി കായംകുളം ഗോവിന്ദമുട്ടം സ്വദേശി പ്രിയങ്ക(30)യെയുമാണ് പോലീസ് പിടികൂടിയത്.

 തൃശ്ശൂര്‍ സ്വദേശിനിയുടെ പരാതിയിലാണ് കായംകുളം പോലീസ് കഴിഞ്ഞദിവസം ഇവരെ അറസ്റ്റ് ചെയ്തത്. ഇവരെ കോടതി റിമാന്‍ഡ് ചെയ്തു.  സിജു കെ. ജോസിന്റെയും ഭാര്യയുടെയും പേരില്‍ ബാങ്ക് ഓഫ് അമേരിക്കയിലും ക്യാപ്പിറ്റല്‍ വണ്ണിലുമുള്ള ജോയിന്റ് അക്കൗണ്ടുകളില്‍നിന്നാണ്  പണം ട്രാന്‍സ്ഫര്‍ ചെയ്തത്. സിജുവിന്റെ കാമുകിയായ പ്രിയങ്കയുടെ എച്ച്.ഡി.എഫ്.സി. ബാങ്ക് അക്കൗണ്ടിലേക്കാണ് 1.25 കോടിയോളം രൂപ ട്രാന്‍സ്ഫര്‍ ചെയ്തത്.

പല തവണകളായി പണം ട്രാന്‍സ്ഫര്‍ ചെയ്ത വിവരം സിജുവിന്റെ ഭാര്യയ്ക്ക് അറിയില്ലായിരുന്നു. ഇവര്‍ക്ക് സംശയം തോന്നി ബാങ്ക് രേഖകള്‍ പരിശോധിച്ചതോടെയാണ് നാട്ടിലുള്ള ഭര്‍ത്താവ് പണം മറ്റൊരു അക്കൗണ്ടിലേക്ക് മാറ്റിയെന്ന് കണ്ടെത്തിയത്. പ്രിയങ്കയുടെ കായംകുളത്തെ ബാങ്ക് അക്കൗണ്ടിലേക്കാണ് പണം മുഴുവന്‍ ട്രാന്‍സ്ഫര്‍ ചെയ്തതെന്ന് മനസ്സിലായതോടെ ഇവര്‍ കായംകുളം പോലീസില്‍ പരാതി നല്‍കി. 

യു.എസില്‍ നേരത്തെ ഭാര്യയ്‌ക്കൊപ്പം താമസിച്ചിരുന്ന സിജു കെ. ജോസ് അവിടെ പാസ്റ്ററായി ജോലിചെയ്തിരുന്നതായാണ് വിവരം. ഇയാള്‍ അംഗമായ ഒരു ഓണ്‍ലൈന്‍ പ്രാര്‍ഥനാഗ്രൂപ്പില്‍ പ്രിയങ്കയും അംഗമായിരുന്നു. ഇതിലൂടെയാണ് ഇരുവരും അടുപ്പത്തിലായതെന്ന് പോലീസ് പറഞ്ഞു. 

ഭാര്യയുടെ പരാതിയില്‍ പോലീസ് കേസെടുത്തതോടെ സിജുവും പ്രിയങ്കയും കേരളത്തില്‍നിന്ന് മുങ്ങിയിരുന്നു. പോലീസ് നടത്തിയ അന്വേഷണത്തില്‍ ഇരുവരും വിദേശത്തേക്ക് കടന്നതായി കണ്ടെത്തി. തുടര്‍ന്ന് രണ്ട് പ്രതികള്‍ക്കും എതിരേ ലുക്ക് ഔട്ട് നോട്ടീസും പുറപ്പെടുവിച്ചു. കഴിഞ്ഞദിവസം പ്രതികളായ രണ്ടുപേരും നേപ്പാളില്‍നിന്ന് ഡല്‍ഹി വിമാനത്താവളത്തില്‍ എത്തിയിരുന്നു. ലുക്ക് ഔട്ട് നോട്ടീസ് നിലനില്‍ക്കുന്നതിനാല്‍ വിമാനത്താവളത്തിലെ എമിഗ്രേഷന്‍ വിഭാഗം ഇവരെ തടഞ്ഞുവെച്ചു. തുടര്‍ന്ന് കായംകുളം പോലീസ് ഡല്‍ഹിയിലെത്തി രണ്ടുപ്രതികളെയും അറസ്റ്റ് ചെയ്യുകയായിരുന്നു.  

Related News