കെ.എസ്.ഇ.ബിയിലെ പ്രശ്‌നങ്ങള്‍ക്ക് ഒരാഴ്ചക്കകം പരിഹാരമെന്ന് മന്ത്രി

  • 20/04/2022

തിരുവനന്തപുരം: കെ.എസ്.ഇ.ബി  ചെയര്‍മാനും ജീവനക്കാരുടെ സംഘടനകളും തമ്മിലുള്ള പ്രശ്‌നങ്ങള്‍ ഒരാഴ്ച കൊണ്ട് പരിഹരിക്കുമെന്ന് മന്ത്രി കെ. കൃഷ്ണന്‍കുട്ടി. മാനേജ്മെന്റും ജീവനക്കാരും വിട്ടുവീഴ്ചയ്ക്ക് തയ്യാറാണെന്നും മന്ത്രി പറഞ്ഞു. നിയമപരമായും പ്രതികാര നടപടിയില്ലാതെയും അച്ചടക്ക നടപടി പൂര്‍ത്തിയാക്കുമെന്നും കെ.എസ്.ഇ.ബി ജീവനക്കാരുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷം മന്ത്രി വ്യക്തമാക്കി.

വൈദ്യുതി ഭവന് മുന്നില്‍ നടത്തിവന്ന അനിശ്ചിതകാല സത്യാഗ്രഹ സമരം കഴിഞ്ഞ ദിവസം അവസാനിപ്പിച്ചിരുന്നു. സമരക്കാര്‍ വെറുതെ വെയിലും മഴയും കൊണ്ട് നില്‍ക്കുകയേയുള്ളുവെന്ന് കെ.എസ്.ഇ.ബി ചെയര്‍മാന്‍ ബി. അശോക് നേരത്തെ പറഞ്ഞിരുന്നു.

കെ.എസ്.ഇ.ബിയെ സംബന്ധിച്ചിടത്തോളം പരമാവധി ഒരു വ്യക്തിയെ അക്കൊമഡേറ്റ് ചെയ്യാന്‍ തയ്യാറാകും. പക്ഷെ, കെ.എസ്.ഇ.ബി എന്ന സ്ട്രക്ചറിന്റെ മൗലിക സ്വഭാവം ബലികഴിക്കില്ല.

ചെയര്‍മാന്റെ പ്രതികാര നടപടികളും സ്ത്രീ വിരുദ്ധ പരമാര്‍ശങ്ങളും പിന്‍വലിക്കണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. ഓഫീസേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികളായ എം.ജി. സുരേഷ്‌കുമാര്‍, ബി. ഹരികുമാര്‍, ജസ്മിന്‍ ബാനു എന്നിവരുടെ സസ്‌പെന്‍ഷന്‍ പിന്‍വലിക്കണമെന്നും പ്രതിഷേധക്കാര്‍ പറഞ്ഞിരുന്നു.

അനധികൃതമായി അവധിയെടുത്തെന്നാരോപിച്ചാണ് ദേശീയ പണിമുടക്കിന്റെ ഒന്നാം ദിവസം തന്നെ ജാസ്മിന്‍ ബാനുവിനെ സസ്‌പെന്റ് ചെയ്തത്. ഡയസ്‌നോണ്‍ ഉത്തരവ് തള്ളിയതിനും ചെയര്‍മാനെതിര ദുഷ്പ്രചരണം നടത്തിയതിനുമാണ് സംഘടന ഭാരവാഹികളെ സസ്‌പെന്റ് ചെയ്തത്.

Related News