വിവാദ പരാമര്‍ശത്തില്‍ ജോര്‍ജ്ജ് എം. തോമസിന് പരസ്യശാസന

  • 20/04/2022

കോഴിക്കോട്: ലൗ ജിഹാദ് വിവാദ പരാമര്‍ശത്തില്‍  മുന്‍ എംഎല്‍എയും ജില്ലാ സെക്രട്ടറിയേറ്റ് അംഗവുമായ ജോര്‍ജ് എം തോമസിനെ പരസ്യമായി ശാസിച്ച് സി.പി.എം. ഇന്ന് ചേര്‍ന്ന ജില്ലാ കമ്മിറ്റി യോഗത്തിലാണ് നടപടി. ഇത്തരം വിഷയങ്ങളില്‍ ഇനി ജാഗ്രത പാലിക്കണമെന്നും നേതൃത്വം അദ്ദേഹത്തെ താക്കീത് ചെയ്തു. 

പാര്‍ട്ടി നിലപാടിന് വിരുദ്ധമായി സംസാരിക്കുകയും പാര്‍ട്ടി രേഖകളെ തെറ്റായി ഉദ്ധരിക്കുകയും ചെയ്തത് ജോര്‍ജ് എം തോമസിന് പറ്റിയ വീഴ്ചയാണ് എന്നാണ് സിപിഎം ജില്ലാ കമ്മിറ്റി യോഗത്തിലെ വിലയിരുത്തല്‍. ലൗ ജിഹാദ് പ്രസ്താവന വിവാദമായപ്പോള്‍ തന്നെ പാര്‍ട്ടി നേതൃത്വത്തോട് തെറ്റ് ഏറ്റു പറഞ്ഞ ജോര്‍ജ് എം തോമസ് ഇന്നത്തെ യോഗത്തിലും തന്റെ പ്രസ്താവനയില്‍ ഖേദം പ്രകടിപ്പിച്ചു. തുടര്‍ന്നാണ് പരസ്യശാസന നല്‍കി വിഷയം അവസാനിപ്പിക്കാന്‍ സിപിഎം ജില്ലാ നേതൃത്വം തീരുമാനിച്ചത്. 

പാര്‍ട്ടിയുടെ പരസ്യശാസന അംഗീകരിക്കുന്നതായി ജോര്‍ജ് എം തോമസും വ്യക്തമാക്കി. യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണാതെ അദ്ദേഹം മടങ്ങുകയും ചെയ്തു.പാര്‍ട്ടി നിലപാടിന് വിരുദ്ധമായിട്ടുള്ള അഭിപ്രായമാണ് സഖാവ് ജോര്‍ജ് എം തോമസ് നടത്തിയത്. പാര്‍ട്ടിയുടെ മതേതര നിലപാടിന് വിരുദ്ധമാണിത്. ഇക്കാര്യത്തില്‍ സഖാവ് ജോര്‍ജ് എം തോമസ് തെറ്റ് ഏറ്റു പറഞ്ഞിട്ടുണ്ടെന്നും ജില്ലാ സെക്രട്ടറി മോഹനന്‍ മാസ്റ്റര്‍ പറഞ്ഞു.

Related News