ഔദ്യോഗിക വാഹനം ദുരുപയോഗം ചെയ്തു; കെ.എസ്.ഇ.ബി യൂനിയന്‍ നേതാവ് സുരേഷ് കുമാറിന് 6.72 ലക്ഷം രൂപ പിഴ

  • 21/04/2022

തിരുവനന്തപുരം: കെഎസ്ഇബി ചെയര്‍മാനും യൂനിയന്‍ നേതാക്കളും തമ്മിലുള്ള ശീത യുദ്ധം നിലനില്‍ക്കേ യൂനിയന്‍ നേതാവിനെതിരേ വീണ്ടും നടപടി. ഓഫീസേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് എം ജി സുരേഷ് കുമാറിനെതിരെയാണ് നടപടി. വൈദ്യുതി മന്ത്രിയുടെ അഡീ. പ്രൈവറ്റ് സെക്രട്ടറി ആയിരിക്കെ ഔദ്യോഗിക വാഹനം സ്വകാര്യ ആവശ്യത്തിന് ഉപയോഗിച്ചു എന്നാരോപിച്ചാണ് നടപടി. 48640 കി.മീ. സ്വകാര്യ ആവശ്യത്തിനുപയോഗിച്ചത്തിന് 6,72,560 രൂപ നഷ്ടപരിഹാരം നല്‍കണം എന്നാണ് നോട്ടീസ്. 

10 ദിവസത്തിനകം തൃപ്തികരമായ വിശദീകരണം നല്‍കിയില്ലെങ്കില്‍ 12 ഗഡുക്കളായി ശമ്പളത്തില്‍ നിന്ന് പിടിക്കുമെന്നും നോട്ടീസില്‍ പറയുന്നുണ്ട്. വൈദുതി ഭവന്‍ വളയല്‍ സമരം നടന്ന ദിവസമാണ് നോട്ടീസിറങ്ങിയത്. എന്നാല്‍, നോട്ടീസ് കിട്ടിയിട്ടില്ലെന്ന് സുരേഷ് കുമാര്‍ പറയുന്നു. ആക്ഷേപം അസംബന്ധമാണെന്നും സുരേഷ് കുമാര്‍ വിശദീകരിക്കുന്നു.

അതേസമയം, കെഎസ്ഇബിയിലെ അച്ചടക്ക നടപടിയില്‍ ഒരാഴ്ച്ചയ്ക്കുള്ളില്‍ തീരുമാനമെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടി ഇന്നലെ അറിയിച്ചു. നിയമപരമായും പ്രതികാര നടപടിയില്ലാതെയും അച്ചടക്ക നടപടി പൂര്‍ത്തിയാക്കും. നടപടിക്രമങ്ങളും കീഴ്വഴ്ക്കങ്ങളും അനുസരിച്ച് തീരുമാനമെടുക്കും. കെഎസ്ഇബി തീരുമാനമെടുത്ത് അറിയിക്കും. ജനങ്ങളിലുള്ള അവമതിപ്പ് ഒഴിവാക്കാന്‍ കൂട്ടായി ശ്രമിക്കണം. കെഎസ്ഇബി തര്‍ക്കത്തില്‍ ചര്‍ച്ച ഫലപ്രദമെന്നും കെ കൃഷ്ണന്‍കുട്ടി പറഞ്ഞു. ഓഫീസര്‍മാരുടെ എല്ലാ സംഘടനകളുമായും ചര്‍ച്ച നടത്താമെന്ന് വൈദ്യുതി മന്ത്രി അറിയിച്ചതും അനുകൂല തീരുമാനം ഉടനുണ്ടാകില്ലെന്ന് ഉറപ്പായതുമാണ് സമരം തത്കാലത്തേക്ക് സമരം അവസാനിപ്പിക്കാന്‍ കാരണമായത്. 

അതേസമയം ഓഫീസേഴ്‌സ് അസോസിയേഷനെതിരെ കൂടുതല്‍ അച്ചടക്ക നടപടിക്ക് കെഎസ്ഇബി ഒരുങ്ങുകയാണ്. ഏപ്രില്‍ 5 ന് സത്യഗ്രഹ സമരത്തിന്റെ ഭാഗമായി ബോര്‍ഡ് യോഗത്തിലേക്ക് തള്ളിയക്കയറിയ 18 പേരെ തിരിച്ചറിഞ്ഞു. വീഡിയോ ദൃശ്യങ്ങളടക്കം പരിശോധിച്ച് ചീഫ് വിജിലന്‍സ് ഓഫീസറാണ് നടപടിക്ക് ശുപാര്‍ശ ചെയ്തത്. ഇക്കാര്യത്തില്‍ ബോര്‍ഡ് തീരുമാനം ഉടനുണ്ടാകും.

Related News